Home LATEST NEWS പുലിയുടെ ആക്രമണത്തിൽനിന്ന് മകനെ അതിസാഹസികമായി രക്ഷപ്പെടുത്തി പിതാവ്

പുലിയുടെ ആക്രമണത്തിൽനിന്ന് മകനെ അതിസാഹസികമായി രക്ഷപ്പെടുത്തി പിതാവ്

ഏഴുവയസ്സുകാരനെ പുലിപിടിച്ചു കടിച്ചുവലിച്ച് വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം, പിതാവ്     സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തി.ഉത്തർപ്രദേശിലെ ലാഖിംപുർ ഖേരിയിലാണ് സംഭവം. ദുദ്വ ടൈഗർ റിസർവ് കേന്ദ്രത്തിന് സമീപത്തുള്ള ആ ഗ്രാമത്തിൽ വെച്ചാണ് സന്ദീപ് എന്ന ഏഴുവയസ്സുകാരനെ പുലി ആക്രമിച്ചത്.

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സന്ദീപിനെ അപ്രതീക്ഷിതമായി പുലി ആക്രമിക്കുകയായിരുന്നു. സന്ദീപിന്റെ വസ്ത്രത്തിൽ കടിച്ച് വനത്തിലേക്ക് വലിച്ച് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെയാണ് പിതാവ് ഈ കാഴ്ച കണ്ടത്. ഉടൻ അദ്ദേഹം പുലിയുടെ നേരെ ചാടി അതിന്റെ കാലിൽ പിടിച്ച് ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് പുലിയെ ഓടിച്ച് മകനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് 12 വയസുള്ള ആൺകുട്ടിയെ ഇതേ പ്രദേശത്ത് പുലി കടിച്ചുകൊന്നിരുന്നുവെന്നാണ് വിവരം.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ആക്രമണമേറ്റതിന്റെ ഞെട്ടലിലാണ് കുട്ടിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്‌. കുട്ടിക് നിസ്സാരമായ പരിക്കുകൾ മാത്രമേ പറ്റിയിട്ടുള്ളൂ.

ടൈഗർ റിസർവ് കേന്ദ്രത്തിന് സമീപത്തായതുകൊണ്ടാണ് പുലി ഇറങ്ങുന്നത്. കനത്ത മഴയിൽ വനത്തിൽ പലയിടത്തും വെള്ളം കയറിയതും പുലി നാട്ടിലേക്കിറങ്ങുന്നതിന് കാരണമായി. ഗ്രാമപ്രദേശത്ത് ഇറങ്ങിയ പുലിയെ പിടിച്ച് കാട്ടിലേക്ക് അയക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനിൽ പട്ടേൽ പറഞ്ഞു.

Also Read :   പേരൂർക്കടയിൽ കുഞ്ഞിനെ കാണാതായ സംഭവം; അനുപമയുടെ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസ് എടുത്തു