തിരുവനന്തപുരം: ഉത്ര വധക്കേസില്‍ നാളെ ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ കേസില്‍ നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പ്രതി സൂരജിനെ പാമ്പുപിടിത്തക്കാരന് സുരേഷ് പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഉത്രവധക്കേസ് സംഭവിക്കുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന് ഭാഗം നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതി സൂരജ് കുറ്റക്കാരനാണെന്ന നിഗമനത്തില്‍ കോടതി എത്തിയത് ഈ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ്.
ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നാളെയാണ് പ്രതിക്ക് ശിക്ഷവിധിക്കുക. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്.
പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകള്‍ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക