തിരുവനന്തപുരം: കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.
ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും.
കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങൾ എല്ലാം ഒലിച്ചു പോയി. കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂട്ടിക്കലിൽ 40 അംഗ സൈന്യം രക്ഷാപ്രവർത്തനത്തിനുണ്ട്.
കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; കൂട്ടിക്കൽ ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു; രണ്ടിടങ്ങളിലായി ഇനി കണ്ടെത്താനുള്ളത് 14 പേരെ
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക