കോട്ടയം: ഇന്നലെ പകൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി രാഘവന്റെ ഭാര്യ രാജമ്മയുടെ മൃതദേഹം ഇന്ന് പുലർച്ചെ കണ്ടെത്തി. പട്ടിമറ്റം കല്ലോലിൽ ചെക്ക്ഡാമിലാണ് മൃതദേഹം കണ്ടത്.
പ്രദേശവാസിയായ ഷെഫിൻ പുതുപ്പറമ്പിൽ ആണ് ഡാമിലെ ചെളിയിൽ സ്ത്രീയുടെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
കൊക്കയാര്‍ മാക്കോച്ചി ചിറയില്‍ ജിബിനെന്ന 11 വയസുകാരന് ഇനിയും നടുക്കം മാറിയിട്ടില്ല. രാവിലെ 11 മണിയോടെ വീട്ടില്‍ പിതാവ് ഷാജിക്കൊപ്പം ഇരിക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്ക് മണ്ണും വെള്ളവും ഒഴുകി വന്നത്. വലിയ ശക്തിയോടെയെത്തിയ വെള്ളം ജിബിനെയും കൊണ്ട് പുല്ലകയാറിലേക്ക് പതിച്ചു.
ചെറുപ്പത്തിലേ ആറിന്റെ തീരത്തു താമസിച്ചതിനാല്‍ ചെറിയ നീന്തലും ജിബിന്‍ വശമുണ്ടായിരുന്നു. മണ്ണും കല്ലും നിറഞ്ഞ് കലങ്ങിയ വെള്ളത്തിലൂടെ അധിക ദൂരം നീന്താന്‍ ഈ കുരുന്നിനായില്ല.
അതിനിടെയാണ് കരയില്‍ നിന്ന ഒരു കാപ്പിയുടെ ചാഞ്ഞു കിടന്ന ചില്ലയില്‍ ജിബിന്‍ പിടുത്തം കിട്ടിയത്. കുറച്ചു നേരം പിടിച്ചു കിടന്ന ജിബിന്‍ പിന്നീട് ശക്തമായി കരയിലേക്ക് നീന്തിക്കയറുകയായിരുന്നു. ജിബിന്‍ പുഴയിലേക്ക് വീഴുന്നതിനിടെ അച്ഛന് ഷാജിയുടെ ദേഹത്തേക്ക് കല്ലും മണ്ണും വീഴുന്നതും കണ്ടിരുന്നു.
കരയിലെത്തിയ ജിബിനെ അയല്‍വാസികള്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. ചെറിയ പരുക്കും ജിബിനുണ്ട്. ജിബിന്റെ പിതാവ് സി ജി ഷാജിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക