കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ പെയ്യുകയാണ്. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി.
വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. പുഴയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി. അട്ടപ്പാടി ചുരം റോഡില്‍ ഏഴാം വളവില്‍ മലവെള്ളപ്പാച്ചില്‍ ഒരു സ്കൂട്ടര്‍ ഒലിച്ചുപോയി .യാത്രക്കാരന് അത്ഭുതകരമായി രക്ഷപെട്ടു.
മണ്ണാര്‍കാട് തെങ്കര സ്വദേശി ചന്ദ്രന് എന്നയാളുടെ സ്കൂട്ടിയാണ് ഒലിച്ചുപോയത്. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ചന്ദ്രനെ രക്ഷിച്ച് ആനമൂളി ചെക്ക് പോസ്റ്റിലെത്തിച്ചത്. അട്ടപ്പാടി കള്ളമലയിൽ ശക്തമായ കാറ്റിൽ മേൽക്കൂര ഇടിഞ്ഞു വീണു ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാലക്കാട് മുക്കാലി മന്ദംപൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതിനാല്‍ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും തടഞ്ഞു.
മീന്‍ വല്ലം പ്രദേശത്തെ വനത്തിനുള്ളില്‍ പെയ്ത കനത്ത മഴയെയ തുടര്‍ന്ന് തുപ്പനാട് പുഴ കവിഞ്ഞൊഴുകുകയാണ്. പാലക്കാട് ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 10 ക്യാമ്പുകളിലായി 214 കുടുംബങ്ങളിലെ 584 പേരാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക