സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ആൻ്റണി വര്‍ഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രം അജഗജാന്തരത്തിന്റെ ട്രെയിലർപുറത്തിറങ്ങി. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും പിന്നീട് അവിടെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പൂരവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചിത്രമാണ് എന്നാണ് ട്രെയിലർ നല്കുന്ന സൂചന.
അർജുൻ അശോകൻ, ആൻ്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, രാജേഷ് ശർമ, ലുക്മാന്, സാബു മോന്, ജാഫർ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ്, ശ്രീരഞ്ജിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ ഒള്ളുള്ളേരി എന്ന് തുടങ്ങുന്ന ഗാനം നേരത്തേ തന്നെ വൈറലായിരുന്നു. ആൻ്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്.
തീയേറ്ററുകളിൽ ആവേശം നിറച്ച് പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ദൃശ്യാനുഭവം അജഗജാന്തരത്തിന് നൽകാൻ കഴിയും എന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. ടിനു പാപ്പച്ചൻ സംവിധാനം നിർവ്വഹിക്കുന്ന അജഗജാന്തരം ഡിസംബർ 23നാണ് തിയറ്ററുകളില്‍ പ്രദർശനത്തിനെത്തുന്നത്.
സിൽവർ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. ജസ്റ്റിന് വര്‍ഗീസ് സംഗീത സംവിധാനവും ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിർവ്വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക