Home KERALA മമ്മൂട്ടിയുടെ സി ബി ഐ അഞ്ചാം ഭാഗത്തിന് തുടക്കം

മമ്മൂട്ടിയുടെ സി ബി ഐ അഞ്ചാം ഭാഗത്തിന് തുടക്കം

മലയാളികൾ എന്നും ആവേശത്തോടെ കണ്ടിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രം സേതുരാമയ്യർ സി ബി ഐ വീണ്ടും വരുന്നു. മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച സീരിസായ സിബിഐ ഡയറിക്കുറിപ്പിൻ്റെ അഞ്ചാം ഭാഗമാണിത്. മമ്മൂട്ടി നായകനാകുന്ന സിബിഐ-5ൻ്റെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. 1988ലാണ് സിബിഐ ഡയറിക്കുറിപ്പ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അന്ന് മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻ പ്രേക്ഷകമനസിൽ ഇടിച്ചുകയറി. അതോടെ തൊട്ടടുത്ത വർഷം തന്നെ ജാഗ്രത എന്ന പേരിൽ പരമ്പരയിലെ രണ്ടാം ചിത്രവും വെള്ളിത്തിരയിലെത്തി. അതും തിയറ്ററിൽ നിറഞ്ഞോടി.

പിന്നീട് 15 വർഷങ്ങൾക്ക് ശേഷം 2004ലാണ് അടുത്ത ഭാഗമായ സേതുരാമയ്യർ സിബിഐ വെള്ളിത്തിരയിലെത്തിയത്. അപ്പോഴേക്കും സിബിഐയിലെ ഓരോ കഥാപാത്രവും ചാക്കോയും, വിക്രവും ഡമ്മിയുമെല്ലാം ഓരോ മലയാളിക്കും പരിചിതമായിമായി തീർന്നിരുന്നു. സിനിമയിലെ മമ്മൂട്ടിയുടെ മാനറിസത്തിന് വലിയ കൈയടി ലഭിച്ചു. അടുത്ത വർഷം ഇറങ്ങിയ നേരറിയാൻ സിബിഐ തീയറ്ററിൽ വിജയമായിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് സീരിസുകളുടെ അത്ര പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞില്ല. അടുത്ത ഭാഗത്തിൻ്റെ ചർച്ചകളും അഭ്യൂഹങ്ങളും അന്നുമുതലുണ്ടെങ്കിലും 13 വർഷങ്ങൾക്കിപ്പുറമാണ് അഞ്ചാം ഭാഗത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്.
ചിത്രത്തിൻ്റെ പൂജാചടങ്ങുകൾ കൊച്ചിയിൽ നടന്നു. സംവിധായകൻ കെ.മധു, തിരക്കഥാകൃത് എസ്.എൻ. സ്വാമി, നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഷൂട്ടിങ്‌ ആരംഭിച്ചെങ്കിലും മമ്മൂട്ടി ഡിസംബർ അഞ്ചിന് മാത്രമേ സി.ബി.ഐ ചിത്രത്തിൻ്റെ ഷൂട്ടിനെത്തുകയുള്ളൂ. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ സായികുമാർ, മുകേഷ്, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, രമേഷ് പിഷാരടി, മാളവിക മേനോൻ, സൗബിൻ, ആശ ശരത്ത് തുടങ്ങിയവരും അണിനിരക്കും.

 

Also Read :   ബംഗാളിൽ 24 മണിക്കൂറിനുള്ളിൽ 4,546 പുതിയ കൊവിഡ്‌ -19 കേസുകൾ രേഖപ്പെടുത്തി, 37 മരണങ്ങളും