നാളെ തിയറ്ററുകളിലേക്കെത്തുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാറി’ന് ആശംസകളുമായി സംവിധായകന് ആഷിക് അബു. മരക്കാര്‍ മലയാളത്തിന്റെ അഭിമാന ചിത്രമായി മാറട്ടെയെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു. “മോഹൻലാൽ – പ്രിയദർശൻ” കൂട്ടുകെട്ടിൽ കുഞ്ഞാലി മരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ! പ്രിയപ്പെട്ട ലാലേട്ടനും പ്രിയദർശൻ സാറിനും മഞ്ജു വാര്യര്‍ക്കും ആന്റണി ചേട്ടനും പ്രിയ സുഹൃത്തും സഹോദരനും നിർമ്മാണപങ്കാളിയുമായ സന്തോഷേട്ടനും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ. കുഞ്ഞാലി മരക്കാർ നാളെ മുതൽ”, ആഷിക് അബു കുറിച്ചു.
ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ നാളെ പ്രദര്‍ശനത്തിനെത്തുക. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. പ്രീ-റിലീസ് ടിക്കറ്റ് റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുവെന്നാണ് ആശിര്‍വാദ് സിനിമാസ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക