ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലെത്തുന്ന മിന്നൽ മുരളിയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തുവിട്ടു. പ്രേക്ഷകർക്കായി ബോണസ് ട്രെയിലർ പുറത്തുവിടുന്നു എന്ന കുറിപ്പോടെയാണ് സംവിധായകൻ ബേസിൽ ജോസഫ് ട്രെയിലർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ കൂടിയാണ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.
ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ എത്തുന്നത്. ഡിസംബർ 24നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയിലറും ടീസറുമൊക്കെ വളരെ അധികം ഹിറ്റ് ആയിരുന്നു. വൻ സ്വീകാര്യതയാണ് ഇതിനൊക്കെ ലഭിച്ചത്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുങ്ക് എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. തമിഴിൽ മിന്നൽ മുരളി എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക