Home LATEST NEWS ക്രിക്കറ്റ് ലോകത്തെ മിന്നും റാണിയ്ക്ക് ഇന്ന് പിറന്നാൾ

ക്രിക്കറ്റ് ലോകത്തെ മിന്നും റാണിയ്ക്ക് ഇന്ന് പിറന്നാൾ

ഇന്ത്യൻ വനിത ക്രിക്കറ്റിൻ്റെ ഏകദിന നായിക മിതാലി രാജിന് ഇന്ന് പിറന്നാൾ. തൻ്റെ ജീവിതത്തിൻ്റെ പകുതിയിൽ അധികവും ഇന്ത്യൻ കുപ്പായത്തിൽ ജീവിച്ച മിതാലി രാജിന് പിറന്നാൾ ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം.

1982ൽ രാജസ്ഥാനിലെ ജോധ്പൂരിലാണ് മിതാലിയുടെ ജനനം. തമിഴ് ദമ്പതികളായ ദൊരൈരാജിൻ്റെയും ലീല രാജിൻ്റെയും മകളാണ് മിതാലി രാജ്. മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ക്രിക്കറ്റ് പരിശീലനത്തിന് പോയ ഒരു പെൺകുട്ടി ഇന്ന് ലോകം കീഴടക്കിയ കഥയാണ് ഇന്ത്യൻ വനിത ക്രിക്കറ്റിൻ്റെ നായിക മിതാലി രാജിൻ്റെത്.

മിതാലി രാജിൻ്റെ എല്ലാത്തിനോടുമുള്ള മടി എയർഫോഴ്സുകാരനായ അച്ഛൻ ദൊരൈരാജിന് തലവേദനയായപ്പോൾ അദ്ദേഹത്തിന് മുന്നിൽ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ മകളെ അടുത്തുള്ള ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിന് അയക്കുക. ക്രിക്കറ്റ് അക്കാദമിയിലെ കഠിനമായ പരിശീലനം മിതാലിയുടെ മടിമാറ്റാൻ സഹായിക്കും. മിതാലിയുടെ മടിമാറുന്നതിനൊപ്പം അവളുടെ ജീവിതത്തിൽ അടുക്കും ചിട്ടയും കൊണ്ടുവരാനും ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനം സഹായിക്കുമെന്ന് ആ അച്ഛൻ വിചാരിച്ചു. എന്നാൽ അച്ഛൻ്റെ ആഗ്രഹത്തിന് എതിരു നിൽക്കാതെ അവൾ അക്കാദമിയിൽ ചേരാൻ തയ്യാറായി. എല്ലാ ദിവസവും അക്കാദമിയിൽ പരിശീലനത്തിന് പോയിക്കൊണ്ടിരുന്ന മിതാലി പിന്നീടങ്ങോട് മറ്റൊരാളായി മാറുകയായിരുന്നു.

ഒരു ദിവസം മിതാലിയുടെ കാര്യങ്ങൾ തിരക്കാൻ അച്ഛൻ ദൊരൈരാജ് അവൾ പരിശീലിക്കുന്ന ക്രിക്കറ്റ് അക്കാദമിയിൽ എത്തി അവിടുത്തെ പ്രധാന പരിശീലകൻ അദ്ദേഹത്തോട് പറഞ്ഞു. മിതാലി നല്ലൊരു പ്രതിഭയാണ്. അവൾക്ക് ക്രിക്കറ്റിൽ നല്ലൊരു ഭാവിയുണ്ട്. എന്നാൽ ക്രിക്കറ്റിന്റെ പുറകെ നടന്നാൽ മിതാലി വർഷങ്ങളായി അഭ്യസിക്കുന്ന  നൃത്തപരിശീലനം ഇടക്ക് വെച്ച് ഉപേക്ഷിക്കേണ്ടിവരും. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ല. ഒന്നെങ്കിൽ  ക്രിക്കറ്റ് കളി നിർത്തണം, അല്ലെങ്കിൽ താൻ ഏറെ ഇഷ്ടപെടുന്ന നൃത്തം ഉപേക്ഷിക്കണം. അന്ന് മിതാലിക്ക് കൂടുതൽ എളുപ്പം ആദ്യത്തേത് തന്നെയായിരുന്നു.
നൃത്തം ചെയ്യാനും ഉറങ്ങാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന മിതാലി  രണ്ടാമത്തെ കാര്യമായിരുന്നു തിരഞ്ഞെടുത്തത്. നൃത്തം ഉപേക്ഷിക്കാനാണ് അന്ന് അവൾ തീരുമാനിച്ചത്. പലരും തീരുമാനമെടുക്കാൻ പകച്ച് പോയേക്കാവുന്ന അത്തരമൊരു നിമിഷത്തിൽ യാതൊരു സങ്കോചവും കൂടാതെ ക്രിക്കറ്റിനെ ജീവിതത്തിലേക്ക് ചേർത്തു നിർത്തി.

അവിടെ തുടങ്ങുന്നു വനിത ക്രിക്കറ്റിൻ്റെ പുതുയുഗം. അന്ന് മുതൽ മിതാലി രാജ് ഇന്ത്യൻ ക്രിക്കറ്റ് ചരിതത്തിലേക്കുള്ള തൻ്റെ വഴി വെട്ടിത്തുടങ്ങുകയായിരുന്നു. വനിത ക്രിക്കറ്റ് ഒന്നുമല്ലാതായിരുന്ന കാലത്തെടുത്ത അത്തരമൊരു തീരുമാനം അവളുടെ മാതാപിതാക്കളെ പോലും ഞെട്ടിച്ചിട്ടുണ്ടാകണം. പിന്നീടങ്ങോട്ട് മിതാലിയുടെ കാലമായിരുന്നു. 1997 ൽ നടന്ന ലോകകപ്പിൽ പതിനാല് വയസ് മാത്രമുള്ള മിതാലി ഇന്ത്യൻ ടീമിൻ്റെ ഭാഗമാകുമെന്ന വാർത്തകൾ വന്നെങ്കിലും അന്ന് ആ നേട്ടം സ്വന്തമാക്കാൻ മിതാലിക്ക് ആയില്ല പിന്നീട് 1999 ൽ ഇന്ത്യൻ ദേശീയ ജേഴ്‌സിയിൽ അരങ്ങേറ്റം നടത്തി. ഇത്ര ചെറുപ്പത്തിലേ അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ സമ്മർദ്ദം താങ്ങാൻ മിതാലിക്ക് കഴിയുമോ എന്ന് പരിഹസിച്ചവരുടെ മുഖത്തായിരുന്നു അവരുടെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ സെഞ്ചുറി പതിച്ചത്. അന്ന് സ്വന്തം പേരിലാക്കിയത് നിരവധി റെക്കോർഡുകളാണ്. കന്നി മത്സരം കളിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിന് സന്തോഷത്തിൻ്റെ ഉയരങ്ങളിൽ എത്താൻ പിന്നെന്ത് വേണം.

Also Read :   രോഗബാധിതരായ ആളുകൾക്ക് രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിൻ നൽകൂ; കൊറോണ വാക്‌സിനേഷനായി കേന്ദ്രസർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി

അന്ന് ആദ്യ മത്സരം കളിക്കുമ്പോൾ മിതാലിയുടെ പ്രായം 16 വയസായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും തൻ്റെ 16 ആം വയസിലാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് എന്നതാണ് കൗതുകം. മിതാലി അന്താരാഷ്ട ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് ഇപ്പോൾ 22 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റിൽ പുരുഷ താരങ്ങൾക്ക് വേണ്ടി പണമൊഴുകിയപ്പോൾ അർഹിക്കുന്ന വേതനമോ, പ്രശസ്തികളോ വനിതാ താരങ്ങൾക്ക് ഒരിക്കലും ലഭിച്ചിരുന്നില്ല. എന്നാൽ വനിതാ ക്രിക്കറ്റിൽ ഒരിക്കലും ഇന്ത്യ നിസാരക്കാരായിരുന്നില്ല. 2005 ലും 2017 ലും വനിതാ ടീം ക്യാപ്റ്റനായിരുന്നു മിതാലി. ആ രണ്ടു വർഷവും ടീമിൻ്റെ നെടും തൂണായി നിന്നത് മിതാലിയായിരുന്നു. വനിതാ ക്രിക്കറ്റ് ഇന്ത്യയിൽ കൂടുതൽ ജനപ്രീതിയാർജ്ജിച്ചത് 2017 ലെ ലോകകപ്പോടെയാണ്. 16 ആം വയസിൽ അന്താരാഷ്ട ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മിതാലിക്ക് തൻ്റെ 35 ആം വയസുവരെ കാത്തിരിക്കേണ്ടി വന്നു അർഹിക്കുന്ന പദവിയിലെത്താൻ.

2017 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ മുന്നിൽ നിന്ന് പോരാടിയതും മിതാലിയായിരുന്നു. തുടർച്ചയായി ഏഴ് അർദ്ധ സെഞ്ചുറികൾ നേടിയ താരം തുടർച്ചയായി ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡ് തൻ്റെ പേരിൽ കുറിച്ചു. ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും മിതാലിയായിരുന്നു.

തളർന്നു പോകുമായിരുന്ന വനിതാ ക്രിക്കറ്റിനെ തൻ്റെ ഇരുചുമലുകളിലുമേറ്റി 18 വർഷം നടന്നതിൻ്റെ ഫലമാണ് മിതാലിയുടെ 186 ഏകദിന മത്സരങ്ങളിലെ 6190 റണ്ണുകളും 6 സെഞ്ചുറികളെന്ന നേട്ടവും. ഏകദിന ക്രിക്കറ്റിൽ ആദ്യമായും അവസാനമായും പിന്നിട്ട വനിതാ ക്രിക്കറ്റർ മിതാലിയാണെന്നറിയുമ്പോളാണ് ആ നേട്ടത്തിൻ്റെ മൂല്യം മനസിലാവുക.

2003 ൽ രാജ്യം അർജുന അവാർഡ് നൽകി മിതാലിയെ ആദരിച്ചു. 2015 ൽ പദ്‌മശ്രീ നേടിയും ഇന്ത്യയുടെ ആദരം ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ കുലപതി ഏറ്റുവാങ്ങി. 2017 ൽ ഐ സി സി വാർഷിക ടീമിലും മിതാലി ഇടം കണ്ടെത്തി. 2017ൽ ബി ബി സി പുറത്തുവിട്ട ലോകത്തെ 100 വനിതകളിൽ മിതാലിയും ഉൾപ്പെട്ടിരുന്നു.

സച്ചിനും റിച്ചാർഡും ഷെയ്ൻ വേണുമെല്ലാം കളം വാഴുന്ന മൈതാനത്തേക്ക് വളയിട്ട കൈകളിൽ ബാറ്റുമായി മിതാലി എത്തിയത്. ഒരു പെൺകുട്ടി എവിടെ വരെയെത്തുമെന്നും എത്രത്തോളം ഉയരത്തിലുള്ള സ്വപ്‌നങ്ങൾ കാണാമെന്നും പഠിപ്പിക്കുന്നതാണ് മിതാലി രാജ് എന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റർ. ജീവിതത്തിൽ വലിയ വിജയങ്ങൾ ലക്ഷ്യം വെക്കുന്ന ആർക്കും മാതൃകയാക്കാൻ കഴിയുന്ന ജീവിതമാണ് മിതാലിയുടേത്.