Home KERALA ഈ ഐ.ഡി കാര്‍ഡിന് നന്ദി; മമ്മൂട്ടിക്കൊപ്പം സി.ബി.ഐ ടീമില്‍ പിഷാരടിയും; എത്തുന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍...

ഈ ഐ.ഡി കാര്‍ഡിന് നന്ദി; മമ്മൂട്ടിക്കൊപ്പം സി.ബി.ഐ ടീമില്‍ പിഷാരടിയും; എത്തുന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പില്‍

സിബിഐ’ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ  സ്വിച്ചോണ്‍ നവംബര്‍ 29നാണ് നടന്നത്. മമ്മൂട്ടി  ജോയിന്‍ ചെയ്‍തിട്ടില്ലെങ്കിലും സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘സേതുരാമയ്യരുടെ’ ആദ്യ വരവിന് 33 വര്‍ഷം പിന്നിടുന്ന വേളയില്‍ എത്തുന്ന, സിരീസിലെ അഞ്ചാം ചിത്രം കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആയാണ് എത്തുന്നതെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ താരനിര്‍ണ്ണയത്തിലും ഈ കൗതുകം ഉണ്ട്. മമ്മൂട്ടിക്കൊപ്പം കേസന്വേഷണത്തിനിറങ്ങുന്ന മറ്റൊരു സിബിഐ ഉദ്യോഗസ്ഥനായി ഇത്തവണ എത്തുന്നത് രമേശ് പിഷാരടിയാണ് . ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള  ചിത്രം രമേശ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

ഈ ഐഡി കാര്‍ഡിന് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപനം… വളർന്ന് സേതുരാമയ്യർ സിബിഐ കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷെ ലോകസിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു”, കെ മധുവിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.

മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിങ്ങനെയാണ് മറ്റു താരനിര.

സേതുരാമയ്യര്‍ക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥര്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കള, പ്രീസ്റ്റ്, ഫോറന്‍സിക് എന്നീ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച അഖില്‍ ജോര്‍ജ് ആണ് ക്യാമറാമാന്‍. എറണാകുളം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ പദ്ധതി.

സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിലവില്‍ മമ്മൂട്ടി. പൂര്‍ണ്ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമയുടെ പ്രധാന ഷെഡ്യൂള്‍ പഴനിയിലാണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹം ‘സിബിഐ 5’ല്‍ ജോയിന്‍ ചെയ്യും.

Also Read :   മുഖ്യമന്ത്രി ഓണ്‍ലൈനിലിരുന്ന് തീരുമാനിക്കാന്‍ മാത്രം എന്താണിത്ര ദുരൂഹത? ലോകായുക്തയിലെ അന്തസുള്ള ജഡ്ജിമാർ രാജിവെയ്ക്കണം