സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റില്‍ ‘സെക്സ്’ എന്ന പദം വന്ന സംഭവത്തിൽ ഇടപെട്ട് ഡൽഹി വനിതാ കമ്മിഷൻ. സ്കൂട്ടറിന്റെ വാഹന റജിസ്ട്രേഷൻ നമ്പർ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പിന് നോട്ടിസ് അയച്ചു. ഈ ശ്രേണിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ കണക്ക് നൽകണമെന്നും സംഭവത്തിൽ നാല് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗതാഗത വകുപ്പിനോട് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു.
ജനക്പുർ സ്വദേശിനിയായ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിക്കാണ് ഇഷ്ടപ്പെട്ടു വാങ്ങിയ സ്കൂട്ടറിന് ‘SEX’ എന്ന പദം വരുന്ന ഫാൻസി നമ്പർ പ്ലേറ്റ് ലഭിച്ചത്. ഈ നമ്പര്‍ പ്ലേറ്റിന്റെ പേരില്‍ അയൽവാസികളും ബന്ധുക്കളും പെൺകുട്ടിയെ കളിയാക്കുകയും നാണംകെടുത്തുകയും ചെയ്തു. ആക്രമണം സഹിക്കാനാവാതായപ്പോൾ പെൺകുട്ടി വനിതാ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ സ്കൂട്ടർ നമ്പർ പ്ലേറ്റിലെ ‘S’ എന്ന അക്ഷരം ഇരുചക്രവാഹനങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. ബാക്കിയുള്ള രണ്ട് അക്ഷരങ്ങൾ ‘EX’ ആണ്. ഇത് നിലവിൽ സരായ് കാലേ ഖാൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസ് പിന്തുടരുന്ന സീരിസാണ്. അതിനാൽ, നമ്പർ പ്ലേറ്റിൽ DL 3S EX എന്ന് എഴുതിയിരിക്കുന്നു. ആർടിഒ ‘EX’ സീരീസ് തീരുന്നത് വരെ ഈ നമ്പർ പ്ലേറ്റ് സീരീസ് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക