ലണ്ടൻ: ‘ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും’.
ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ് കഴിഞ്ഞ ബുധനാഴ്ച സൂം കോളിലൂടെ ജോലിയിൽനിന്നു പിരിച്ചുവിട്ടത് 900 ജീവനക്കാരെ. ബെറ്റർ.കോം കമ്പനിയുടെ 9 ശതമാനം വരുന്ന ജീവനക്കാർക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്.
ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ മുൻനിർത്തിയാണു തീരുമാനമെന്ന് അദ്ദേഹം പിന്നീടു പ്രതികരിച്ചു.
ഒരു ജീവനക്കാരൻ സൂം കോൾ റെക്കോർഡ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
3 മിനിറ്റ് ദൈർഘ്യമുള്ള കോളിൽ, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാർഗ് പറഞ്ഞതായി രാജ്യാന്തര മാധ്യമമായ ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
‘കരിയറിൽ രണ്ടാം തവണയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ഇതു ഞാൻ ഇഷ്ടപ്പെടുന്നില്ല, കഴിഞ്ഞ തവണ ഇങ്ങനെ ചെയ്തപ്പോൾ ഞാൻ കരഞ്ഞു. ഇത്തവണ കൂടുതൽ കരുത്തോടെയിരിക്കാൻ ശ്രമിക്കും.
പിരിച്ചുവിട്ടവരിൽ 250 പേരെങ്കിലും ദിവസം ശരാശരി 2 മണിക്കൂർ സമയം പണിയെടുത്തിരുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക