അബുദാബി: വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ ജീവചരിത്രം പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള ഒരു വ്യക്തി എം.എ യൂസഫലിയുടെ ജീവചരിത്രം അറബി ഭാഷയില്‍ പുസ്തകമാക്കി പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചത്.
എം.എ യൂസഫലിയെക്കുറിച്ച് പുസ്തകമെഴുതുന്നതിനായി രചയിതാവ് അനുമതി തേടിയിട്ടില്ലെന്നും, അറബ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെക്കുറിച്ച് അറബി ഭാഷയില്‍ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കപ്പെട്ടേക്കുമെന്നും, അതിനാൽ സൂക്ഷ്മമായ പരിശോധനയും വിലയിരുത്തലും അത്യാവശ്യമാണെന്നും വി. നന്ദകുമാര്‍ പറഞ്ഞു.
ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറാന് എഴുത്തുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക