എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെങ്കിലും എല്ലാവർക്കും നീതി ലഭിക്കണമെന്നില്ലെന്ന് എം. സ്വരാജ് പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗ ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര വർഷത്തെ വിചാരണയ്ക്ക് ശേഷം ഇന്നലെ ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ കോടതി വിധി വന്നിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ കേസിൽ വെറുതെ വിട്ടുകൊണ്ടായിരുന്നു വിധി. ഈ വിധിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി നിരവധിപേരാണ് എത്തിയിരുന്നത്. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, എന്നിവരും രംഗത്തെത്തി. ‘അവള്‍ക്കൊപ്പം എന്നും’ എന്ന കുറിപ്പോടെയാണ് താരങ്ങള്‍ പ്രതികരണം അറിയിച്ചത്. നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരന് എന്‍എസ് മാധവനും രംഗത്ത് വന്നിരുന്നു.
‘യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്ഷകന് വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.”അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക