കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് മൂന്ന് ലക്ഷം കടന്നു. പതിമൂന്ന് സംസ്ഥാനങ്ങളിൽ മരണ നിരക്കിൽ വർധനയുണ്ടായി. കോവിഡ് ബാധിത രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം തീവ്രമായി തുടരുന്നത്.
രോഗ വ്യാപനം വർധിച്ചതോടെ കേന്ദ്ര സംഘത്തെ ഈ സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നു. ആവശ്യമെങ്കിൽ ഇനിയും കേന്ദ്രസംഘത്തെ അയക്കും. സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരന്തരം വിലയിരുത്തുന്നുണ്ട്. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ ഉള്ളവരുടെ എണ്ണം കുറവാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം പരിശോധനയും കൂടുന്നുണ്ട്.
വാക്സിനേഷൻ 160 കോടി ഡോസ് പിന്നിട്ടു. 72 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചത് ഗുണകരമായതായും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മൂന്ന് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി മുപ്പത്തി രണ്ട് പേർ രോഗബാധിതരായി. 491 പേർ മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയർന്നു. ഒമിക്രോൺ ബാധിതർ ഒൻപതിനായിരത്തി ഇരുന്നൂറ്റി എൺപത്തി ഏഴായി. രാജ്യത്തെ ജനിതക ശ്രേണീകരണത്തിനുള്ള ലാബുകളിൽ അഞ്ചണ്ണം സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചതായാണ് റിപ്പോർട്ടുകൾ .
പ്രതികരിക്കാൻ ഇവിടെ എഴുതുക