ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം. ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്.
ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.
എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.
ബി. കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക