തൃശൂര്‍: കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. തുരങ്കത്തിലേയ്ക്ക് കയറുന്നതിന് മുമ്പേ തന്നെ ലോറിയുടെ പിന്‍ഭാഗം ഉയര്‍ന്നിരുന്നു. ഇത് ലൈറ്റുകളിലും ക്യാമറകളിലും ഉരസിയാണ് നാശനഷ്ടം സംഭവിച്ചത്.
ലോറി ഓടിച്ചിരുന്നത് ചുവന്നമണ്ണ് സ്വദേശി ജിനേഷാണ്. മണ്ണടിച്ച ശേഷം ലോറിയുടെ പിന്‍ഭാഗം താഴ്ത്താന്‍ മറന്നു പോയതാണെന്ന് ജിനേഷ് പോലിസിനെ അറിയിച്ചു.
ഒന്നാം തുരങ്കത്തിലെ 104 ലൈറ്റുകള്‍ ടിപ്പര്‍ ലോറി തകര്‍ത്തു. ഇതിന് പുറമെ ക്യാമറകളും. തൊണ്ണൂറ് മീറ്റര്‍ ദൂരത്താണ് നാശനഷ്ടം. മറ്റു വാഹനങ്ങളിലേക്ക് ലൈറ്റുകള്‍ വീഴാതിരുന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. തൊണ്ണൂറ് മീറ്റര്‍ ദൂരത്തോളം ലൈറ്റുകള്‍ തകരാറിലായി.
സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി തുരങ്കത്തിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളുമായാണ് പീച്ചി പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി കാമറാ ദ്യശ്യങ്ങളില്‍ നിന്നാണ് ലോറി പ്രദേശവാസിയുടേതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ലോറി പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക