കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ബ്ലാക്മെയിലിങ് ആരോപണവുമായി ദിലീപ് രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പ് ബിഷപ് ഇടപെട്ടെന്നും അതിന് പ്രതിഫലമായി പണം വേണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം.
ഭീഷണിക്ക് വഴങ്ങാതെവന്നതോടെയാണ് തന്നെ കളളകേസിൽ കുടുക്കിയതെന്നാണ് ദിലീപിന്റെ നിലപാട്. ആരോപണം നിഷേധിച്ച് ബാലചന്ദ്രകുമാറും രംഗത്തെത്തി.
മൂൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ പുതിയ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. നടിയെ ആക്രമിച്ച കേസിൽ ജയിലിലായപ്പോൾ തന്നെ വന്ന് കണ്ടിട്ടുമുണ്ട്. കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടീപ്പിക്കാം എന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ സഹോദരനേയും ബന്ധുക്കളേയും സമീപിച്ചു. ബിഷപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരുമായുളള അടുപ്പം മുതലാക്കി അന്തിമ കുറ്റപത്രത്തിൽ പേര് ഒഴിവാക്കിക്കാം എന്നായിരുന്നു വാഗ്ദാനം. നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ ബാലചന്ദ്രകുമാർ തന്നെ വന്നു കണ്ടു. താൻ വഴി ബിഷപ്പ് ഇടപെട്ടതുകൊണ്ടാണ് ജാമ്യം കിട്ടിയതെന്ന് പറഞ്ഞു. ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലർക്കും പണം നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ദിലീപിന്റെ ആരോപണം.
ഇത്തരം ഭീഷണികൾക്ക് താൻ വഴങ്ങാതെ വന്നതോടെയാണ് ബാലചന്ദ്രകുമാർ ശത്രുവായതെന്നും കളളത്തെളിവുകളുമായി എത്തിയതെന്നുമാണ് ദിലീപിന്റെ നിലപാട്. തന്റെ സിനിമയുമായി സഹകരിച്ചില്ലെങ്കിൽ എഡിജിപി സന്ധ്യയെ വിളിച്ചുപറഞ്ഞ് ജാമ്യം റദ്ദാക്കിക്കുമെന്നും ഭീഷണിപ്പെടുത്തി. പലപ്പോഴായി പത്തുലക്ഷം രൂപ വാങ്ങിയെടുത്തെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണെന്നും ബ്ലാക് മെയിലിങ് ആരോപണം പച്ചക്കളളമാണെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു.
ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ്. അത് കേസിന് വർഷങ്ങൾക്ക് മുമ്പാണ്. നെയ്യാറ്റിൻകര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർദ്ധ വളർത്താൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ദിലീപിന്റെ സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെ എന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക