കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കും. ഇവർക്കെതിരെ പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.
ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് എടുക്കുക. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്.
ബാലികാമന്ദിരത്തിലെ അവസ്ഥകൾ മോശമായതിനാലാണ് പുറത്ത് കടക്കാൻ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികൾ പറഞ്ഞു. വൈദ്യ പരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നും ആണ് കണ്ടെത്തിയത്. ബാലികാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളില്‍ നാലുപേരാണ് ഇന്നലെ ഐലന്റ് എക്സ്പ്രസ് വഴി പാലക്കാട്ടെത്തിയത്.
തുടർന്ന് മലപ്പുറം എടക്കരയിലേക്ക് ബസിലെത്തിയ കുട്ടികളെ എടക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈകീട്ടോടെ ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലെത്തിച്ചു.
ബെംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവർക്കൊപ്പമുളള യുവാക്കളെയും കൊണ്ട് പൊലീസ് സംഘം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക