ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിൽ ഗർഭകാല ജീവിതം ആസ്വദിക്കുകയാണ് നടി കാജർ അഗർവാൾ. ഭർത്താവ് ഗൗതം കിച്ലുവിനൊപ്പം ദുബായിൽ വെക്കേഷനിലാണ് താരം. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കാജൽ പങ്കുവച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.
‘എന്റെ ജീവിതത്തിൽ, എന്റെ ശരീരത്തിലെ, എന്റെ വീട്ടിലെ, ഏറ്റവും പ്രധാനമായി എന്റെ ജോലിസ്ഥലത്തെ പുതിയ മാറ്റങ്ങളിലൂടെ ഞാൻ കടന്നുപോകുകയാണ്. കൂടാതെ, ചില കമന്റുകൾ/ ബോഡി ഷെയ്മിങ് സന്ദേശങ്ങൾ/ മീമുകൾ ഇതൊന്നും ആരെയും സഹായിക്കില്ല. ഇവയോട് നമുക്ക് ദയ കാണിക്കാൻ പഠിക്കാം, അത് വളരെ കഠിനമാകുകയാണെങ്കിൽ അതിനെ ഒഴിവാക്കി ജീവിതവുമായി മുന്നോട്ടുപോകണം.’–കാജല് പറയുന്നു.
സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവർക്കുമായാണ് എന്റെ ചില ചിന്തകൾ പങ്കുവയ്ക്കുന്നത്. പ്രസവസമയത്ത് നമ്മുടെ ശരീരത്തിന് പല മാറ്റങ്ങളുണ്ടാകാം. ശരീരഭാരം വർധിക്കാം. ഹോർമോൺ മാറ്റത്തിൽ വയറും മറ്റും വലുതാകാം. കുഞ്ഞിനെ സംരക്ഷിക്കാനായുള്ള പരിപാലനത്തിന്റെ ഭാഗമായാണ് ഇതൊക്കെ സംഭവിക്കുന്നത്. ചിലപ്പോൾ ശരീരത്തിൽ സ്ട്രച്ച് മാർക്കുകൾ വന്നേക്കാം, ചിലപ്പോൾ മുഖക്കുരു വന്നേക്കാം. നമ്മൾ കൂടുതൽ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്തേക്കാം. നെഗറ്റീവ് മൂഡ് നമ്മുടെ ശരീരത്തെക്കുറിച്ച് അനാരോഗ്യകരമോ നിഷേധാത്മകമോ ആയ ചിന്തകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
’ പ്രസവം ഒരു സ്ത്രീയുടെ ശരീരത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും അവർ ഒരിക്കലും ഗർഭധാരണത്തിന് മുമ്പുള്ളതുപോലെ ആയിരിക്കില്ലെന്നും കാജൽ പറയുന്നു. ‘പ്രസവശേഷം, പഴയതുപോലെ ആകാൻ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കിൽ ഗർഭധാരണത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല. അതൊക്കെ സാധാരണമാണ്. നമ്മുടെ ജീവിതത്തിലെ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ പോരാടുമ്പോൾ (പ്രത്യേകിച്ച് ജീവിതത്തിലെ പുതിയൊരാളുടെ വരവോടെ) അതൊന്നും അസാധാരണമായി തോന്നേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അദ്ഭുതകരവും വിലയേറിയതുമായ ഘട്ടത്തിൽ അസ്വസ്ഥതയോ സമ്മർദ്ദമോ ഉണ്ടാകേണ്ടതില്ല. ഇത് അനുഭവിക്കേണ്ട ആനന്ദം തന്നെയാണ്.” കാജൽ പറഞ്ഞു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക