മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ.
വയറ്റിലുള്ള അസ്വസ്ഥതകളാണ് (വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി) പ്രധാന ലക്ഷണങ്ങൾ എങ്കിലും, ഇവയിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നില്ല. വളരെ ലഘുവായ ലക്ഷണങ്ങൾ മുതൽ മരണകാരണം വരെയാകാം ഭക്ഷ്യവിഷബാധയുടെ പരിണിത ഫലം.
എന്തൊക്കെയാണ് ഇതിന് കാരണമാവുന്നത്?
രോഗാണുക്കൾ : ബാക്ടീരിയ (ഇ.കോളി, ഷിഗെല്ല, സാൽമോണെല്ല മുതലായവ), വൈറസുകൾ (നോവോ വൈറസ്) ഫംഗസുകൾ,വിഷക്കൂണുകൾ പരാദങ്ങൾ എന്നിവയാകാം കാരണം.
രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന വിഷവസ്തുക്കൾ അടങ്ങിയ ഭക്ഷണം വിഷബാധക്കിടയാക്കും. സ്റ്റാഫൈലോകോക്കസ് പോലുള്ള ചില ബാക്ടീരിയകളാൽ മലിനമാക്കപ്പെട്ട ഭക്ഷണത്തിൽ കഴിക്കുന്നതിനു മുമ്പു തന്നെ വിഷ വസ്തുക്കൾ അടങ്ങിയിരിക്കും.
കഴിച്ച് രണ്ടു മൂന്നു മണിക്കൂറുകൾക്കുള്ളിൽതന്നെ ലക്ഷണങ്ങൾ തുടങ്ങും. ഇത്തരം ടോക്സിനുകൾ ഭക്ഷണം ചൂടാക്കിയതു കൊണ്ട് നശിക്കണമെന്നില്ല. മറ്റു ചില രോഗാണുക്കളാകട്ടെ, കുടലിൽ പ്രവേശിച്ച ശേഷമാകും വിഷവസ്തുക്കൾ ഉൽപാദിപ്പിക്കുക (ഉദാ: ഷിഗെല്ല).
ഇതു കൂടാതെ ഭക്ഷണത്തിൽ കലർന്ന വിഷവസ്തുക്കൾ, ഉദാ -മെർക്കുറി, ലെഡ്, കീടനാശിനികൾ മൂലം ഇവ ഉണ്ടാകാം
ഭക്ഷ്യവിഷബാധ കൂടാതെ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ധാരാളം രോഗങ്ങളുണ്ട്. വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയ്ഡ്, ചില വൈറസുകൾ മൂലമുള്ള മഞ്ഞപ്പിത്തം, അമീബ മൂലമുള്ള വയറുകടി, വിരബാധ തുടങ്ങി നിരവധി രോഗങ്ങൾ ഇവയിൽ പെടും.
4 C ( Clean, Cross contamination prevention, Cook,Chill ) എന്നു വിശേഷിപ്പിക്കപെടുന്ന അടിസ്ഥാന മുൻകരുതലുകൾ ആണ് പൊതുവെ ഭക്ഷ്യവിഷ ബാധ തടയുവാൻ പ്രധാനമായി കരുതുന്നത്. ഇതിനെ ഓർത്തിരിക്കാൻ എളുപ്പത്തിനു നാലു ‘വ ‘കൾ എന്നു പറയാം. പുറത്തു നിന്നു കഴിക്കുക ആണെങ്കിൽ അതിനൊക്കെ ശ്രദ്ധ കൊടുക്കുവാൻ ഇടയുള്ള സ്ഥലത്ത് നിന്ന് കഴിച്ചാൽ അപകടം കുറവായിരിക്കും.
വൃത്തിയുള്ള കൈകൾ, വൃത്തിയുള്ള പ്രതലങ്ങളും പരിസരവും, വൃത്തിയുള്ള ഭക്ഷണവും മൂന്നും പ്രധാനം ആണ്. ഹോട്ടലുകളുടെ അടുക്കള ഉപഭോക്താക്കളെ കാണിക്കുവാൻ പറ്റുന്ന രീതിയിൽ വൃത്തിയാക്കിയിരിക്കണം.
ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പ്രധാനമാണ്.
∙ കൈ നഖങ്ങൾ വെട്ടി, വൃത്തിയാക്കി വെക്കൽ
∙ ഭക്ഷണം പാകം ചെയ്യുമ്പോൾ വൃത്തിയുള്ള വസ്ത്രം ധരിക്കുക
∙ പാകം ചെയ്യുമ്പോൾ /ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പുകവലിക്കരുത്
∙ അസുഖങ്ങൾ ഉള്ളപ്പോൾ (ജലദോഷം, ചുമ, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് ) ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക / മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
∙ കയ്യിൽ വ്രണങ്ങളുണ്ടെങ്കിൽ നന്നായി ബാൻഡേജ് ചെയ്യുക / ഗ്ലൗസ് ഉപയോഗിക്കുക
സോപ്പുപയോഗിച്ച് കൈ കഴുകേണ്ടത് എപ്പോൾ?
∙ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും
∙ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും
∙ കക്കൂസിൽ പോയ ശേഷം
∙ വേസ്റ്റ് സാധനങ്ങൾ കൈകാര്യം ചെയ്ത ശേഷം
∙ മൂക്കു പിഴിയുക , തലമുടി തടവുക, കയ്യിലേക്ക് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുക, ചെവിയിൽ വിരലിടുക, പുകവലിക്കുക എന്നിവ ചെയ്ത ശേഷം.
കൈ കഴുകുമ്പോൾ അരമിനിറ്റെങ്കിലും എടുത്ത്, കയ്യുടെ എല്ലാ ഭാഗവും വൃത്തിയാക്കണം.
ഭക്ഷണം തയാറാക്കുന്ന അടുക്കളയുടെ പ്രതലം വൃത്തിയായിരിക്കണം. പാത്രങ്ങൾ, കട്ടിങ് ബോർഡുകൾ, കൗണ്ടർടോപ്പുകൾ എന്നിവ ഓരോ ഭക്ഷണ സാധനങ്ങളും തയാറാക്കിയ ശേഷം ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകുക. ഒഴുകുന്ന വെള്ളത്തിനടിയിൽ പഴങ്ങളും പച്ചക്കറികളും കഴുകുക.
പാകം ചെയ്യാത്ത മാംസം, കോഴി, മത്സ്യം, മറ്റ് അസംസ്കൃത ഭക്ഷണങ്ങൾ എന്നിവ കൈകാര്യം ചെയ്തതിനു ശേഷം, മറ്റ് ഭക്ഷണങ്ങളുമായി സമ്പർക്കം പുലർത്തുന്നതിന് മുമ്പായി കൈകളും പാത്രങ്ങളും പ്രതലങ്ങളും നന്നായി കഴുകുന്നത് പ്രധാനം ആണ്.
പ്രത്യേകിച്ച് പാകം ചെയ്തതും ഉടൻ കഴിക്കാൻ ഉതകുന്നതുമായ ഭക്ഷണങ്ങൾ സ്പർശിക്കുന്നതിനു മുൻപ് ഇതു വളരെ പ്രധാനം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക