2022 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിലെ 5ജി സ്മാർട് ഫോൺ വിതരണത്തിൽ 300 ശതമാനത്തിന്റെ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
സൈബർമീഡിയ റിസർച്ച് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 5ജി ഫോൺ വിൽപനയിൽ സാംസങും ഷഓമിയുമാണ് മുന്നിൽ.
5ജി സെഗ്മെന്റിൽ സാംസങ്ങിന് 23 ശതമാനം വിപണി വിഹിതം നേടാൻ കഴിഞ്ഞു. രണ്ടാം സ്ഥാനത്തുളള ഷഓമിക്ക് വിപണി വിഹിതത്തിന്റെ 18 ശതമാനവും നേടാനായി.
2022 ലെ ഒന്നാം പാദത്തിൽ 5ജി സ്മാർട് ഫോൺ വിൽപന മികച്ച വളർച്ച കൈവരിച്ചതായി സിഎംആറിലെ വിദഗ്ധ മേനകാ കുമാരി പറഞ്ഞു.
2019 ലെ ആദ്യ പാദത്തിലെ മഹാമാരിക്ക് മുൻപുള്ള ഡേറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള സ്മാർട് ഫോൺ വിപണി 16 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ വിപണിയിൽ 1.6 ശതമാനം മൊത്തത്തിലുള്ള വളർച്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 കലണ്ടർ വർഷത്തിൽ 170 ദശലക്ഷം യൂണിറ്റ് ഫോണുകൾ വിൽക്കാനാകുമെന്നാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്.
മൊത്തം ഫോൺ വിപണിയിലെ റിപ്പോർട്ട് അനുസരിച്ച് ആദ്യ പാദത്തിൽ ഷഓമി 24 ശതമാനം, സാംസങ് 19 ശതമാനം, റിയൽമി 15 ശതമാനം എന്നിങ്ങനെയാണ് മുന്നിൽ നിൽക്കുന്ന ആദ്യ മൂന്ന് ബ്രാൻഡുകൾ.
വിവോ (14 ശതമാനം) നാലാം സ്ഥാനത്തും ഒപ്പോ (8 ശതമാനം) അഞ്ചാം സ്ഥാനത്തുമാണ്. സാംസങും റിയൽമിയും അവരുടെ വിൽപനയിൽ യഥാക്രമം 7 ശതമാനം, 40 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം ഷഓമിയുടെ വിൽപനയിൽ 13 ശതമാനം ഇടിവ് നേരിട്ടു.
ഇവ കൂടാതെ, ജനപ്രിയ നിർമാതാക്കളായ വൺപ്ലസിന്റെ വിൽപനയിൽ 50 ശതമാനം വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക