അതിരുകളില്ലാത്ത ഒരു കുളത്തിൽ നീന്തുന്ന അനുഭവമാണ് ഇൻഫിനിറ്റി പൂൾ സമ്മാനിക്കുക. ഉയരമുള്ള കെട്ടിടങ്ങളിലും മറ്റും നിര്‍മിക്കുന്ന ഇത്തരം നീന്തല്‍ക്കുളങ്ങള്‍ ലക്ഷ്വറി ടൂറിസത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ആഡംബര റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിച്ച് ഇവയുടെ അനുഭവം അറിയാന്‍ കയ്യില്‍ കാശില്ലേ? വിഷമിക്കേണ്ട, അഞ്ചു പൈസ ചെലവില്ലാതെ നല്ല അടിപൊളി ഇന്‍ഫിനിറ്റി പൂളില്‍ നീന്തി വരാം, അതും ചുറ്റും മലനിരകളുടെയും പച്ചപ്പിന്റെയും കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട്! മേഘാലയയിലെ മാവ്തെൻ ഗ്രാമത്തിലാണ് ഇതിനുള്ള അവസരമുള്ളത്.
മേഘാലയയിലെ സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗകിർവാട്ട് ബ്ലോക്കിലുള്ള ഒരു ഗ്രാമമാണ് മാവ്തെൻ. ഈ ഗ്രാമത്തിൽ ഏകദേശം 347 വീടുകള്‍ മാത്രമാണ് ഉള്ളത്.
മാവ്തെൻ ഗ്രാമത്തിലാണ് ഓഡ് റിംഗൈ എന്നു പേരുള്ള പ്രകൃതിദത്ത ഇന്‍ഫിനിറ്റി പൂൾ. ഉർ-റിംഗൈ വെള്ളച്ചാട്ട (ഗോസ്റ്റ് ഫാളിങ് ഫാൾസ്) ത്തിലെ ജലം പാറക്കെട്ടുകള്‍ക്കിടയില്‍ നിറഞ്ഞ് രൂപപ്പെട്ട തടാകമാണിത്.
ചെങ്കുത്തായ പാറയുടെ താഴേക്ക് ഒഴുകിയിറങ്ങുന്ന വെള്ളത്തിനൊപ്പം ഒലിച്ചുപോകുമോ എന്നു തോന്നും ഈ പൂള് കാണുമ്പോള്‍.
അവധിദിനങ്ങളില്‍ ഇവിടെ പിക്നിക്കിനായി ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവിടെനിന്നു നോക്കിയാല്‍ ബംഗ്ലദേശിന്റെയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും സമതലങ്ങളുടെയും മനോഹരമായ കാഴ്ചയും ആസ്വദിക്കാനാവും.
ഹരിതാഭയാര്‍ന്ന കുന്നുകളുടെ പ്രകൃതിഭംഗിയും ഉംഗി മുതൽ റിലാംഗ്, കിൻഷി വരെയുള്ള ആകർഷകമായ നദികളുടെ സാന്നിധ്യവും ഗുഹകൾ, ചൂടുനീരുറവകൾ എന്നിവയും വെള്ളച്ചാട്ടങ്ങളും മികച്ച കാലാവസ്ഥയുമെല്ലാമായി തികച്ചും അനുഗൃഹീതമാണ് തെക്ക് പടിഞ്ഞാറൻ ഖാസി കുന്നുകള്‍. ധാരാളം മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഈ കുന്നുകള്‍ക്ക് ചുറ്റുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക