ശ്രീനാഥ് ഭാസിയെ നായകനാക്കി അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പിയുടെ (Chattambi) ടീസര്‍ പുറത്തെത്തി. ഇടിപ്പടങ്ങളോടും രജനീകാന്തിനോടുമുള്ള ആരാധന വെളിപ്പെടുത്തുന്നുണ്ട് ശ്രീനാഥ് ഭാസിയുടെ നായക കഥാപാത്രം. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം അലക്സ് ജോസഫ്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് നിര്‍മ്മാണം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, ചമയം റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുകൻ പിആര്‍ഒ ആതിര ദിൽജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക