സിജു വിൽസനെ നായകനാക്കി വിനയൻ(Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ (Pathonpathaam Noottandu). രണ്ട് വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആറാട്ടുപുഴ വേലായുധപ്പണിക്കരായുള്ള സിജുവിന്റെ ഗംഭീര പ്രകടനം വീഡിയോയിൽ കാണാം.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദുൽഖർ തുടങ്ങി നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ വിനയന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്. 2022 ഏപ്രിലിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
ടീസർ പങ്കുവച്ച് വിനയൻ പറഞ്ഞത്
“പത്തൊൻപതാം നൂറ്റാണ്ട്” ൻെറ ടീസർ ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുകയാണ് . എല്ലാ സുഹൃത്തുക്കളും കണ്ട് അഭിപ്രായം അറിയിക്കുമല്ലോ? യുവനടൻ സിജു വിത്സണിലൂടെയാണ് 19-ാം നൂറ്റാണ്ടിൽ ജീവിച്ച അതി സാഹസികനും പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പ്രേക്ഷകരിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുന്നത്… ഞാൻ ഉദ്ദേശിച്ചതിലും ഒരു പടി ഉയരെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞ സിജു മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നിലയിൽ വളരും എന്ന കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്… ഇനി നിങ്ങൾ പ്രേക്ഷകരുടെ അനുഗ്രഹവും സപ്പോർട്ടുമാണ് സിജു വിത്സണും പത്തൊൻപതാം നൂറ്റാണ്ടിൻെറ ടീമിനും വേണ്ടത്.. നിറഞ്ഞ മനസ്സോടെ അതു ഞങ്ങൾക്കു നൽകും എന്നു പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക