വീട് പണിയണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ? സ്വന്തമായി ഒരു വീട് വേണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പൂര്‍വികമായി കിട്ടിയ വീടുണ്ട്. ഇനി എന്തിനാ വീട് എന്നു ചിന്തിക്കുന്ന ഒരു വിഭാഗവും ഉണ്ട്.
എന്നാല്‍ അവരുടെ മക്കള്‍ ഒരിക്കല്‍ മനസ്സിലെങ്കിലും ചോദിക്കും, അപ്പൂപ്പന് വീടുണ്ടാക്കി. അച്ഛന് എന്തുണ്ടാക്കിയെന്ന്? ഈ ചോദ്യം ഒഴിവാക്കാനും ചിലര്‍ വീട് വയ്ക്കുന്നു.
ഒരു കാര്യവും നാളത്തേയ്ക്ക് മാറ്റിവയ്ക്കരുത് എന്നാണ് സാക്ഷാല്‍ രാവണന് ശ്രീരാമന്റെ നിര്‍ദേശപ്രകാരം തന്നോട് ഉപദേശം തേടിയ ലക്ഷ്മണനോട് പറഞ്ഞത്.
വലിയ വീട് വേണോ ചെറിയ വീട് വേണോ എന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം. പലരും ജീവിതകാലത്ത് ഒരു വീടാണ് വയ്ക്കുന്നത്. പഴയ തലമുറയില്‍ പെട്ട പലരും റിട്ടയര്‍മെന്റിനുശേഷമായിരുന്നു വീട് നിര്‍മിച്ചിരുന്നത്.
പുതിയ തലമുറ ജോലി കിട്ടി ഉടനെ വീട് പണിയുന്നു. റിട്ടയര്‍ ആകും മുന്‍പ് ലോണും തീരുന്നു. സ്വന്തം വീട്ടില്‍ ദീര്‍ഘകാലം സന്തോഷത്തോടെ താമസിക്കാനും സാധിക്കുന്നു.
രണ്ടോ മൂന്നോ നിലകള്‍ പണിത് മുകളിലെ നിലകള്‍ വാടകയ്ക്ക് കൊടുക്കുന്ന രീതി നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരികയാണ്. മിക്കവാറും വാടകകൊണ്ട് ലോണ്‍ അടച്ചുതീരും. അപ്പോള്‍ നമ്മുടെ വീട് വല്ലവരും ലോണടച്ച് സഹായിക്കുന്നതായും കണക്കാക്കാം.
അതിന് അവസരം ഉള്ളവര്‍ ധൈര്യമായി തീരുമാനമെടുക്കുകയാണ് വേണ്ടത്. ഹൗസിങ് ലോണുകള്‍ ഇന്ന് വളരെ ലളിതമായ വ്യവസ്ഥയില്‍ ലഭിക്കുന്നതാണ്. ഒരു കാലത്ത് ബാങ്കുകള്‍ അത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇനിയും അങ്ങനെ വന്നു കൂടായ്കയുമില്ല.
അതിനാല്‍ ഈ അനുകൂല സാഹചര്യം താല്പര്യമുള്ളവര് ഉപയോഗിക്കുകയാണ് വേണ്ടത്.
സ്ഥലം വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം. പലര്‍ക്കും അറിയാന്‍ പറ്റാത്ത കാര്യമാണ്. വിലക്കുറവ് കണ്ടു മാത്രം സ്ഥലം വാങ്ങരുത്. മറിച്ച് വില്ക്കാനാണെങ്കില് ഏത് സ്ഥലവും വാങ്ങാം.
താമസിക്കാനായി സ്ഥലം വാങ്ങുമ്പോള്‍ ഒരു വാസ്തു വിദഗ്ധനെ കൊണ്ട് ആ സ്ഥലം വീടിന് അനുയോജ്യമാണോ എന്ന് പരിശോധിപ്പിക്കണം. നല്ല ഒരു ജ്യോല്‍സ്യനെ കൊണ്ട് പ്രശ്നം വയ്പ്പിച്ച് നോക്കുന്നതും നല്ലതാണ്.
സ്ഥലത്ത് സര്‍പ്പസാന്നിധ്യം, പ്രേതബാധ തുടങ്ങിയവയും വാസ്തുദോഷങ്ങളും ഉണ്ടെങ്കില്‍ അവിടെ വീട് പണിയാതിരിക്കുകയാകും ബുദ്ധി. വീട് പണിതിട്ട് സമാധാനമായി ജീവിക്കാന്‍ പറ്റണമല്ലോ.
വീട് പണിത സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കുകയും അവരുടെ വീടുകള്‍ കാണുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് പറ്റിയ അബദ്ധങ്ങളും പാഠങ്ങളും കൂടി അവര്‍ പറഞ്ഞുതരും. അത് നമുക്ക് ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക