ലൈംഗികതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ അത്, സ്ത്രീ ആയാലും പുരുഷനായാലും മാനസിക
സംഘര്ഷമുണ്ടാകാം. ഇത് ക്രമേണ വിഷാദം പോലുള്ള മാനസികപ്രശ്നങ്ങളിലേക്ക് നയിക്കുകയും കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.
അതിനാല്‍ തന്നെ സമയബന്ധിതമായി ലൈംഗികപ്രശ്നങ്ങളെ തിരിച്ചറിയുകയും അതിനെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ സ്ത്രീയും പുരുഷനും വ്യത്യസ്തമായ രീതികളിലാണ് പരിഹാരം തേടേണ്ടത്. ലൈംഗിക ഉണര്‍വ് കുറയുന്നതായി തോന്നിയാല്‍ പുരുഷന്മാര്ക്ക് അവലംബിക്കാവുന്ന ചില മാര്‍ഗങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
ലൈംഗികജീവിതത്തോട് താല്പര്യം തോന്നാതിരിക്കുന്ന സാഹചര്യത്തില്‍ ആദ്യം ചെയ്യേണ്ടത് അതിന്റെ കാരണം കണ്ടെത്തലാണ്. മിക്കവരും ഇതിന് ശ്രമിക്കാറില്ലെന്നതാണ് സത്യം. തീര്‍ച്ചയായും ശാരീരികമായതോ മാനസികമായതോ ആയ ഒരു കാരണമോ ഒന്നിലധികം കാരണങ്ങളോ ഇതിന് പിന്നിലുണ്ടാകാം. അതിനെ കണ്ടെത്തുക തന്നെ വേണം. ഇതിന് സ്വയം കഴിയാത്തപക്ഷം പങ്കാളിയുടെയോ അല്ലെങ്കില്‍ മനശാസ്ത്ര വിദഗ്ധരുടെയോ സഹായം തേടാം.
താന്‍ നേരിടുന്ന പ്രശ്നത്തെ കുറിച്ച് പങ്കാളിയോട് കൃത്യമായി തുറന്ന് സംസാരിക്കേണ്ടതുണ്ട്. ഇതും പലരും ചെയ്യാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പങ്കാളിയില്‍ നിന്ന് മാനസികമായ പിന്തുണ ലഭിക്കാന്‍ ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകളും ചര്‍ച്ചകളും ആവശ്യമാണ്.
ജോലിസംബന്ധമായോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും കാരണങ്ങള്‍ മൂലമോ മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്) നേരിടുന്നവര്‍ ആണെങ്കില്‍ അത് കുറയ്ക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്.
‘സ്ട്രെസ്’ അധികരിക്കുമ്പോള്‍ പുരുഷലൈംഗിക ഹോര്‍മോണായ ‘ടെസ്റ്റോസ്റ്റിറോണ്‍’ ഉത്പാദനം കുറയുന്നു. ഇത് ലൈംഗിക ഉണര്‍വ് കുറയ്ക്കുന്നത് മുതല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളിലേക്കും നയിക്കാം.
ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ ചില സന്ദര്‍ഭങ്ങളില്‍ ലൈംഗിക താല്പര്യം കുറയാറുണ്ട്. ഇക്കാര്യം ഒരു ഡോക്ടറുമായി ചര്‍ച്ച ചെയ്ത് പരിഹാരം തേടാവുന്നതാണ്.
മരുന്നുകള്‍ നിര്‍ത്താന്‍ സാധിക്കുന്നതല്ല എങ്കില്‍ മാനസികമായി ചില തയ്യാറെടുപ്പുകള്‍ നടത്തുന്നതോടെ ഒരു പരിധി വരെ ഇതുമൂലമുള്ള ലൈംഗിക പ്രശ്നങ്ങളെ നേരിടാന്‍ സാധിക്കും.
ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള വിഷമതകള്‍ നേരിടുന്ന പുരുഷന്മാര് കഴിവതും മദ്യപാനവും പുകവലിയും ഉപേക്ഷിക്കുന്നതാണ് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക