വൈക്കം: നാൽക്കവലയിൽ ആ ചായക്കട ഇന്നലെ അടഞ്ഞു കിടന്നു. പഴയ ചായക്കടക്കാരൻ ഇനി ഇവിടേക്കു വരില്ല. പകരം പുതിയൊരാൾ വന്നേക്കാം. മുഖത്തു ചായം തേച്ച് എത്തിയ ഓരോരുത്തരും ആ ചായക്കടയിലേക്കു നോക്കി നെടുവീർപ്പിട്ടു.
തുടങ്ങിവച്ച അഭിനയം പൂർത്തീകരിക്കും മുൻപ് കഴിഞ്ഞ ദിവസം വിടപറഞ്ഞ വി.പി.ഖാലിദിന്റെ ഓർമകളിൽ നിറഞ്ഞു മറവൻതുരുത്തിൽ ഇന്നലെ സിനിമ ചിത്രീകരണം പുനരാരംഭിച്ചു. പഞ്ഞിപ്പാലത്തിനു സമീപം 12 ഏക്കറിൽ പ്രത്യേകം സെറ്റിട്ടാണു ചിത്രീകരണം.
ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണിയാണ്. ഇതിൽ നാൽക്കവലയിലെ ചായക്കടക്കാരന്റെ വേഷമായിരുന്നു ഖാലിദിന്.
വ്യാഴാഴ്ച ഖാലിദിന്റെ അഭിനയം ക്യാമറയിൽ പകർത്തിയിരുന്നു. സഹനടൻമാരോട് സ്നേഹത്തോടെ ഇടപെട്ടിരുന്ന പിതൃതുല്യനായ നടനെയാണു നഷ്ടമായതെന്ന് ലൈൻ പ്രൊഡ്യൂസർ ജി.കെ.ഗോപകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക