Home KERALA നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെ പാഞ്ഞെത്തി; തൊഴിലാളികള്‍...

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെ പാഞ്ഞെത്തി; തൊഴിലാളികള്‍ ഓടിമാറിയതോടെ ബസ് എതിരെ വന്ന കാറില്‍ ഇടിച്ചു; 10 ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവിന് ദാരുണാന്ത്യം

തൃശൂർ: കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്‌.

അബുദാബിയിൽ ജോലിയുള്ള മുഹമ്മദ് ഷാഫി 10 ദിവസം മുൻപാണ് അവധിക്കു നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണു ദുരന്തം.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്–തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റയാളെ പുറത്തെടുത്തത്. ഉടൻ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത്. ഇവർ ഓടി മാറുകയായിരുന്നു. ബസ് ഡ്രൈവർക്കും നിസ്സാര പരുക്കുണ്ട്.

ഉമ്മ: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിത, ഷെജി.

 

Also Read :   ഇന്ത്യയെ കണ്ട് പഠിക്കാനാണ് ലോകം ശ്രമിക്കുന്നത്: മോഹൻ ഭാഗവത്