സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്.
ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം :
മോശം പോസ്ചറിങ്ങും ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതിന്റെ പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു.
ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്റെ കാതൽ.
ഉദാസീനമായ ജീവിതശൈലി കാരണം പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതുകൊണ്ട് നട്ടെല്ലിന് സ്ട്രെയിൻ താങ്ങാൻപറ്റാതെ വരുന്നു.
ഇന്നത്തെ കംപ്യൂട്ടർ യുഗത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തുതന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്.
മണിക്കൂറുകൾ തുടർച്ചയായി ഒരേ ഇരുപ്പിൽതന്നെ ഇരിക്കുമ്പോൾ ആ വ്യക്തിയുടെ കഴുത്തിന് ആയാസം അനുഭവപ്പെടുകയാണ്. അതോടൊപ്പംതന്നെ ശരീരത്തിൽ ഉടനീളം ഇതേ ആയാസം അനുഭവപ്പെടുന്നു. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
മൂന്ന് പ്രധാന വളവുകൾ ഒരു ‘S’ ആകൃതി സൃഷ്ടിച്ചിരിക്കുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന്റെ ഘടന. നമ്മുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് നിവർന്നിരിക്കാൻ വേണ്ടിയാണ്.
എന്നാൽ തുടർച്ചയായി കംപ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ നിവർന്നിരിക്കാതെ കഴുത്തു വളച്ചു മണിക്കൂറുകളോളം ഇരിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ കാര്യമായ ആയാസത്തിന് കാരണമാകും.
നിങ്ങളുടെ നട്ടെല്ലിനും തോളിനും അരക്കെട്ടിനും ചുറ്റുമുള്ള പേശികൾക്കു പിരിമുറുക്കം സംഭവിക്കുന്നു, അതോടെ നിങ്ങൾക്ക് വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. നിങ്ങൾ ഒരേ പൊസിഷനിൽ ജോലി തുടരുമ്പോൾ, ഈ പേശികൾ ക്ഷീണിക്കുകയും കൂടുതൽ വേദനാജനകമാവുകയും ചെയ്യുന്നു.
മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുൻപിൽ കഴുത്ത് കുനിച്ചു വളരെയധികം സമയം ചെലവഴിക്കുന്നതുമൂലം നമ്മുടെ കഴുത്തിലെ പേശികളിലും ഡിസ്കുകളിലും വളരെയധികം സ്ട്രെയ്ൻ ഉണ്ടാവുകയും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
അധിക നേരം കഴുത്തു മുന്നിലേക്ക് നീട്ടിപിടിച്ചു ജോലിചെയ്യുന്ന വ്യക്തികൾ – കംപ്യൂട്ടർ പ്രൊഫഷണലുകൾ, ലോങ് ഡിസ്റ്റൻസ് ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്ഷൻ വർക്കർമാർ, ഹെഡ് ലോഡിങ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പൊലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ ഡോക്ടർമാർ എന്നിവരും ഈ വേദനയനുഭവിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുന്നു.
ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ വേദനയ്ക്ക് കാരണമാകും.
ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശരീര ആയാസത്തിനു അവസരമില്ല. അതുമൂലം നിങ്ങളുടെ പേശികളും സന്ധികളും മുറുകുന്നു.
സ്ഥിരമായി ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഇത് തുടർച്ചയായ നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമാകും.
നിങ്ങളുടെ സ്ലീപ്പിങ് പൊസിഷനും നിലവാരം കുറഞ്ഞ മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമായി മാറാം.
നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്ന് ഉറങ്ങുക, അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിലെ അധിക സ്ട്രെയ്നിനും തേയ്മാനത്തിനും കാരണമാകും.
ഇരുന്നുറങ്ങുമ്പോൾ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോർട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും. പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന വ്യക്തികൾ ഇത് കൂടുതൽ അനുഭവിക്കുന്നു.
അതുപോലെ കാലുയർത്തി മേശയുടെ അതുപോലെതന്നെ ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ കയറ്റിവച്ചു ഉറങ്ങുന്ന ആളുകൾക്കും ഇത് പോലെ വേദന അനുഭവപ്പെടാം.
ഈ വേദനകളെ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും
മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന പോസ്റ്റർ നിലനിർത്തുന്നതിനാണ്, അതിനാൽ എല്ലായ്പ്പോഴും ശരിയായ പോസ്റ്റർ നിലനിർത്തുക. ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക. കഴിയുന്നത്ര ഹെഡ്ലോഡിങ് ഒഴിവാക്കുക.
കംപ്യൂട്ടറിന്റെ മുന്നിൽ അധികനേരം ചിലവഴിക്കുന്ന വ്യക്തിയാണെങ്കിൽ ഇനി പറയുന്നവ ശ്രദ്ധിക്കുക:
നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തിൽ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുക.
കംപ്യൂട്ടർ സ്ക്രീൻ നിങ്ങളുടെ കണ്ണിന്റെ അതേ തലത്തിൽ വയ്ക്കുക.
കീബോർഡ് നിങ്ങളുടെ മുൻപിൽ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വയ്ക്കുവാൻ റിസ്റ്റ് ബോർഡ് ഉപയോഗിക്കാവുന്നതാണ്.
അധികസമയം ഒരേരീതിയിൽതന്നെ ഇരിക്കാതെ എണീറ്റ് നിൽക്കുകയും ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാൻ മറക്കരുത്.
ശരിയായ മെത്ത തിരഞ്ഞെടുത്തു അതിൽ ഉറങ്ങുക. തിരഞ്ഞെടുക്കുന്ന മെത്ത അധികം കട്ടിയുള്ളതോ കുഴിഞ്ഞു പോവുന്നതോ ആവരുത്. ഇടത്തരം കട്ടിയുള്ളതു മാത്രം തിരഞ്ഞെടുക്കുക. നമ്മുടെ നട്ടെല്ലിന് ശരിയായ സപ്പോർട് കിട്ടത്തക്ക വിധത്തിലുള്ളവ മേടിക്കാൻ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക