Home LATEST NEWS ഇന്നിറങ്ങുന്ന സ്മാര്‍ട് ഫോണുകളെല്ലാം ബോറിങ് ആണെന്ന് നതിങ് കമ്പനി

ഇന്നിറങ്ങുന്ന സ്മാര്‍ട് ഫോണുകളെല്ലാം ബോറിങ് ആണെന്ന് നതിങ് കമ്പനി

ഇന്നിറങ്ങുന്ന സ്മാര്‍ട് ഫോണുകളെല്ലാം ബോറിങ് ആണെന്ന് നതിങ് കമ്പനിയുടെ മേധാവി കാള്‍ പെയ്. അവയ്ക്ക് മികവില്ലെന്നല്ല അദ്ദേഹം ഉദ്ദേശിച്ചത്.

വളരെയധികം കമ്പനികള്‍ ഫോണുകള്‍ ഇറക്കുന്നുണ്ടെങ്കിലും അവയ്ക്ക് തമ്മില്‍ സമാനതകളാണ് കൂടുതലുള്ളതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇക്കാലത്തെ പല ടെക്‌നോളജി പ്രേമികളെയും പോലെ കാളും പറയുന്നത് പത്തു വര്‍ഷം മുൻപ് ഫോണുകളില്‍ കണ്ടുവന്ന അത്ര സവിശേഷതകള്‍ ഇപ്പോഴിറങ്ങുന്ന ഫോണുകള്‍ക്കില്ലെന്നാണ്.

നതിങ് ഫോണ്‍ (1) ന്റെ അവതരണവുമായി ബന്ധപ്പെട്ട് എന്‍ഗ്യാജറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാലത്തെ ഫോണ്‍ നിര്‍മാണത്തെക്കുറിച്ചും നതിങ്ങിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും കാള്‍ മനസ്സുതുറന്നത്.

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ ചെറിയൊരു വിപ്ലവത്തിനു തുടക്കമിട്ട വണ്‍പ്ലസ് കമ്പനി ആരംഭിച്ച രണ്ടുപേരില്‍ ഒരാളാണ് കാള്‍.

ഐഫോണ്‍ അടക്കമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അമിതവിലയാണ് ഈടാക്കുന്നതെന്നും മികച്ച ഫോണിന് ഇത്രയധികം പണം നല്‍കേണ്ടതില്ലെന്നും കാണിക്കാനാണ് വണ്‍പ്ലസ് വൺ ഫോൺ കാളും പീറ്റര്‍ ലൗവും ചേര്‍ന്ന് പുറത്തിറക്കിയത്. 299 ഡോളറായിരുന്നു വില.

ഇറക്കിയ സമയത്തെ നിലവാരം വച്ചു പറഞ്ഞാല്‍ അത് അത്യുജ്വല ഫോണ്‍ തന്നെയായിരുന്നു. ആന്‍ഡ്രോയിഡിനെ ഗൂഗിളിന്റെ പിടിയില്‍നിന്നു മോചിപ്പിച്ച സൈനജന്‍ ഒഎസ് ആയിരുന്നു വണ്‍പ്ലസ് വണ്ണിന്റെ ചാലകശക്തി.

ഇരുവര്‍ക്കും ഒപ്പോ തുടങ്ങിയ കമ്പനികളുടെ ഉടമയായ ബിബികെയുടെ സഹായം ലഭിച്ചിരുന്നു. എന്നാല്‍, വണ്‍പ്ലസിനെ പൂര്‍ണമായി ബിബികെയ്ക്ക് അടിയറ വച്ചതോടെയാണ് കാള്‍ വണ്‍പ്ലസുമായുള്ള ബന്ധം ഉപേക്ഷിച്ചത്.

ഐഫോണിന്റെ പുറത്തിറക്കല്‍ തനിക്കൊരു വെളിപാടു തന്നെയായിരുന്നു എന്ന് കാള്‍ പറയുന്നു. അക്കാലത്ത് താന്‍ സ്വീഡനിലായിരുന്നു, വെളുപ്പിന് 4 മണിക്ക് ഏഴുന്നേറ്റിരുന്ന് മിക്ക വര്‍ഷങ്ങളിലും ഐഫോണ്‍ അവതരണം കണ്ടിട്ടുണ്ട്.

എന്നാല്‍, അടുത്തിടെയായി താന്‍ കീനോട്ട് സമ്മേളനങ്ങളൊന്നും കാണാറില്ല. എന്താണ് പുതിയത് എന്നതിന്റെ രത്‌നച്ചുരുക്കം മാത്രമെ അറിയാന്‍ ശ്രമിക്കാറുള്ളു എന്ന് അദ്ദേഹം പറയുന്നു.

കാള്‍ മാത്രമല്ല, പല ടെക്‌നോളജി പ്രേമികളുടെയും കാര്യം അതാണ്. ഫോണ്‍ നിര്‍മാണ കമ്പനികള്‍, ഫീച്ചറുകള്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന വിശ്വാസമാണ് പല സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്കും ഉള്ളത്. അടുത്ത വര്‍ഷവും പുതുമകളൊന്നും നല്‍കേണ്ടെന്ന ചിന്തയാണ് കമ്പനികള്‍ക്കെന്നും ടെക് പ്രേമികൾ ചിന്തിക്കുന്നു.

പൊതുവെ നിശ്ചലതയാണ് ഫോണ്‍ നിര്‍മാണ മേഖലയില്‍ ഇക്കാലത്തുള്ളത് എന്നാണ് കാള്‍ വിശ്വസിക്കുന്നത്. എല്‍ജി, എച്ടിസി തുടങ്ങിയ ചില പഴയകാല പ്രമുഖര്‍ കളം വിടുകയോ, പ്രാധാന്യം കുറഞ്ഞ് മൂലയ്ക്കിരിക്കുകയോ ചെയ്യുന്നു.

ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയ ഏതാനും കമ്പനികള്‍ എല്ലാം നിയന്ത്രിക്കുന്നു. തങ്ങള്‍ക്ക് ഘടകഭാഗങ്ങള്‍ നല്‍കുന്ന ക്വാല്‍കം, സോണി തുടങ്ങിയ കമ്പനികളില്‍ നിന്ന് എന്തെല്ലാം ഫീച്ചറുകളാണ് വരുന്നതെന്ന് നോക്കിവയ്ക്കും. അത്തരം മികച്ച ഡേറ്റ എല്ലാം വിശകലനം ചെയ്ത് പ്രത്യക്ഷത്തില്‍ നല്ലെതെന്നു തോന്നുന്ന വിവരങ്ങള്‍ പുറത്തുവിടും.

അതൊക്കെ നല്ലതാണ്. പക്ഷേ, എല്ലാ കമ്പനികളും ഇതു തന്നെ ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വൈവിധ്യമുള്ള ഫോണുകളല്ല പുറത്തിറങ്ങുന്നത്, മറിച്ച് സമാനതകളുള്ള ഹാന്‍ഡ്‌സെറ്റുകളാണ്.

Also Read :   ഫ്‌ളാക്‌സ് സീഡിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയുമോ

നതിങ് ഫോണ്‍ (1) വഴി കാള്‍ വ്യത്യസ്തനാകാന്‍ ശ്രമിക്കുന്നത് ഇക്കാര്യത്തിലാണ്. ഫോണില്‍ പുതുമ അല്ലെങ്കില്‍ മൗലികമായ ഒരു മാറ്റം കൊണ്ടുവരാന്‍ കാളും കമ്പനിയും നടത്തുന്ന ശ്രമമാണ് ഈ മോഡലില്‍ പ്രതിഫലിക്കുക. ഡിസൈനിലാണ് പ്രധാന വ്യത്യാസം.

കൂടാതെ, ഫോണില്‍ പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡികള്‍ വഴി പുതിയ രീതിയില്‍ നോട്ടിഫിക്കേഷന്‍ നല്‍കാന്‍ ശ്രമിക്കുകയും ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് വഴി ഉപയോഗ സുഖം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു.

കലര്‍പ്പില്ലാത്ത സാങ്കേതികവിദ്യയ്‌ക്കൊപ്പം മാനുഷികമായ ഉഷ്മളതയും കൊണ്ടുവരാനുള്ള ഉദ്യമമാണ് തന്റെ കമ്പനിയുടെ കന്നി ഫോണില്‍ കാണാനാകുക എന്ന് കാള്‍ പറയുന്നു. ഈ ചിന്തയ്‌ക്കൊത്തു പോകാനായാണ് ഫോണിന്റെ പിന്‍പാനല്‍ സുതാര്യമാക്കിയിരിക്കുന്നത്.

ഫോണിന്റെ വയര്‍ലെസ് ചാര്‍ജിങ് ചുരുള്‍, ഹീറ്റ് പൈപ്പുകള്‍ തുടങ്ങിയവ ഒക്കെ പുറത്തുകാണാം. മറ്റു ഹാന്‍ഡ്‌സെറ്റുകള്‍ക്കില്ലാത്ത തരം കൊച്ചു കൊച്ചു വിനോദങ്ങളും കാഴ്ചകളും നല്‍കുകയാണ് ഫോണ്‍ (1). ഫോണിന്റെ പിന്നില്‍ കാണാവുന്ന ഹീറ്റ് പൈപ്പ് ആനയുടെ ആകാരത്തിലാണ്.

അതുപോലെ, വിഡിയോ എടുക്കുമ്പോള്‍ പിന്നിലുള്ള ചുവന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റിനെ പ്രകാശിപ്പിക്കാം. ഇത്തരത്തിലുള്ള പുതുമകളും വിനോദങ്ങളും കൊണ്ടുവരുമ്പോഴും തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് കാള്‍ ബോധവാനാണു താനും. കമ്പനി ഉണ്ടാക്കുന്നത് ഫോണാണ് എന്നും ആഭരണമല്ലെന്നും കാള്‍ പറയുന്നു.