ഹോങ്കോങ്ങിലെ സമുദ്രമേഖലയിൽ മൂന്ന് പുതിയ പവിഴപ്പുറ്റുകൾ കണ്ടെത്തി. ഹോങ്കോങ്ങിന്‍റെ കിഴക്കൻ സമുദ്രങ്ങളിലാണ് പുതിയ ഇനം പവിഴപ്പുറ്റുകൾ കണ്ടെത്തിയത്. ടുബാസ്ട്രിയ ഡെന്‍ഡ്രോയിഡ (Tubastraea dendroida), ടുബാസ്ട്രിയ ക്ലോറോമുറ (Tubastraea chloromura), ടുബാസ്ട്രിയ വയലേസിയ (Tubastraea violacea) എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന പവിഴപ്പുറ്റുകള്‍ ടുബാസ്ട്രിയ (Tubastraea) എന്ന ജെനുസ്സില്‍ ഉള്‍പ്പെടുന്നവയാണ്. ഹോങ്കോങ്ങിലെ ബാപ്റ്റിസ്റ്റ് സർവകലാശാലയിലെ (എച്ച്കെബിയു) ബയോളജിസ്റ്റുകളാണ് ഈ കണ്ടെത്തൽ നടത്തിയത്. രാജ്യത്തെ പവിഴപ്പുറ്റുകൾ സംരക്ഷിക്കുന്നതിനായി എട്ട് വർഷം മുമ്പ് സർവകലാശാല സ്ഥാപിച്ച ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.
ഹോങ്കോങിന്‍റെ സമുദ്ര പ്രദേശങ്ങളിൽ ജൈവവൈവിധ്യ സമ്പന്നമായ നിരവധി പവിഴപ്പുറ്റുകൾ ഉണ്ട്. അവ സൺ കോറൽ വിഭാഗത്തിൽ ഉൾപ്പെടുത്താം. മൂന്ന് സ്പീഷീസുകൾ കൂടി തിരിച്ചറിഞ്ഞതോടെ ടുബാസ്ട്രിയ ജനുസ്സിൽപ്പെട്ട പവിഴപ്പുറ്റുകളുടെ എണ്ണം ഏഴിൽ നിന്ന് പത്തിലേക്ക് ഉയർന്നു.