മാരുതി സുസുക്കിയുടെ അടുത്ത പടയോട്ടത്തിനു തിരികൊളുത്തി പുതിയ തലമുറ ഓൾട്ടോ കെ10 ഔദ്യോഗികമായി ബുക്കിങ് ആരംഭിച്ചു.
11000 രൂപ നൽകി മാരുതി സുസുക്കി അരീന ഷോറൂമുകളിലോ വെബ്സൈറ്റ് വഴിയോ മാരുതിയുടെ കുട്ടി ഹാച്ച് ബുക്ക് ചെയ്യാം.
ഔദ്യോഗികമായി വാഹനത്തിന്റെ മുൻഭാഗത്തിന്റെ ചിത്രവും നിർമാതാക്കൾ പുറത്തുവിട്ടു. ആദ്യ കാഴ്ചയിൽ തീർത്തും പരിചിതമല്ലാത്ത പുതിയ മുഖം തന്നെയാണ് ഓൾട്ടോ കെ10ന്. മുൻമോഡലുകളെ അപേക്ഷിച്ച് വ്യത്യസ്തവും അതിലേറെ ആകർഷകവുമാണ് പുതിയ ഡിസൈൻ.
സ്വിഫ്റ്റ് പുതുതലമുറയിൽ കണ്ട വിധത്തിലുള്ള ഹെക്സഗണൽ ഗ്രില്ലിന്റെയും പുതുതലമുറ സുസുക്കി വാഹനങ്ങളിലെ ബമ്പറുകളുടെയും എല്ലാം സങ്കരമാണ് ഈ മുൻഭാഗം. ചെറിയ എയർ ഇൻടേക്കുകൾക്ക് സ്പോർട് സ്പിരിറ്റാണ്.
വളരെ ചെറിയ ഹെഡ്ലാമ്പ് യൂണിറ്റിനുള്ളിൽ തന്നെയാണ് ഇൻഡിക്കേറ്ററും. ഗ്രില്ലും ഹുഡും തമ്മിൽ വേർതിരിക്കുന്ന ക്രീസ് ലൈൻ പഴയ ഓൾട്ടോയിലേതുപോലെ നേർരേഖയിലുള്ളതാണ്.
നിലവിലുള്ള ചിത്രത്തിൽ വാഹനത്തിന് സ്റ്റീൽ റിമ്മുകളാണ്. എന്നാൽ അലോയ് ഓപ്ഷണലായി ഉണ്ടാകുമെന്ന് കരുതാം.
എൻട്രി ലെവൽ വാഹനങ്ങളിൽ കാണാത്ത വിധത്തിലുള്ള പെയിന്റ് ഫിനിഷും വാഹനത്തിലുണ്ട്. മാരുതി സുസുക്കി ആൾട്ടോ വർഷങ്ങളായി നേടിയെടുത്ത പേരും പ്രശസ്തിയും പുതുതലമുറയിലൂടെ നേടാനാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക