വളരെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. കേരളത്തില്‍ 3- 4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
കോവിഡാനന്തരം ഈ അസുഖത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.
മറ്റു വാതരോഗങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍ മിക്ക രക്ത പരിശോധനാ, സ്കാനിങ് റിപ്പോര്‍ട്ടുകളിലും ഫൈബ്രോമയാള്‍ജിയ സാധാരണ നിലയില്‍ ആയിരിക്കും എന്നതാണ്.
രോഗ ലക്ഷണങ്ങള്‍
∙ ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്ക്കുന്നു.
∙ ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദനയായി രോഗികള്‍ക്ക് അനുഭവപ്പെടാം (Trigger point).
∙ അകാരണമായ ക്ഷീണം
∙ ചിലര്‍ക്ക് ഇത് ശരീരത്തില്‍ കഴപ്പായോ പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം.
· അകാരണമായ വ്യാകുലത (Anxiety), വിഷാദം (Depression) എന്നിവയും ഭൂരിഭാഗം രോഗികളിലും കാണാറുണ്ട്.
· ഉറക്കക്കുറവ്, നന്നായി ഉറങ്ങിയാലും രാവിലെ ഉന്മേഷമില്ലായ്മ.
∙ ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ട് (Cognitive Dysfunction).
ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കണ്ടുവരുന്ന അനുബന്ധ രോഗങ്ങള്‍
∙ ചെന്നിക്കുത്ത് (Migraine headache).
· 3ഉം 4ഉം തവണ വയറൊഴിയുക, മലബന്ധം (Irritable Bowel Syndrome – IBS).
∙ വേദനയോടു കൂടിയ ആര്‍ത്തവം.
∙ ദീര്‍ഘകാലം നിലനില്‍ക്കുന്ന അകാരണമായ ക്ഷീണം (Chronic Fatigue Syndrome).
ഇവയില്‍ എല്ലാ ലക്ഷണങ്ങളും ഒരു രോഗിയില്‍ ഉണ്ടാകണമെന്നില്ല.
എന്തുകൊണ്ട് ഫൈബ്രോമയാള്‍ജിയ?
ഇതിന് ഒരു വ്യക്തമായ കാരണം നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തലച്ചോറില്‍ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളുടെ (Neuro chemicals) വ്യതിയാനങ്ങള്‍ ഈ രോഗികളില്‍ കണ്ടുവരാറുണ്ട്. അതുപോലെ തന്നെ കേന്ദ്രനാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും പഠനങ്ങളില്‍ വ്യക്തമാണ്.
ചിലര്‍ക്ക് മാനസികമോ ശാരീരികമോ ആയ ഒരു ആഘാതത്തിനു ശേഷം ഇത് കണ്ടു വരാറുണ്ട് (Post traumatic stress disorder). ഒസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ് (ആമവാതം), Seronegative spindylo arthritis, Sjogren’s syndrome തുടങ്ങിയ റുമറ്റിക് അസുഖങ്ങളുടെ അനുബന്ധമായി വളരെ സാധാരണമായി ഫൈബ്രോമയാള്‍ജിയ കണ്ടു വരാറുണ്ട്
രോഗനിര്‍ണയം
പ്രമേഹമോ, അമിത രക്തസമ്മര്‍ദ്ദമോ പോലെ ഒന്നോ രണ്ടോ ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന രോഗമല്ല.
അനവധ്യങ്ങളായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പല ഡോക്ടര്‍മാരെയും കണ്ട് ഒട്ടുമിക്ക ബ്ലഡ് ടെസ്റ്റുകളും സ്കാനിങ് റിപ്പോര്‍ട്ടുകളുമായി ആയിരിക്കും ഫൈബ്രോമയാള്‍ജിയ വരാറുള്ളത്.
എല്ലാ ടെസ്റ്റുകളും ഇവരില്‍ നോര്‍മല്‍ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. അതില്‍ പ്രധാനമായും ESR, CRP മുതലായ നീര്‍ക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകള്‍ മിക്ക ഫൈബ്രോമയാള്‍ജിയ രോഗികളിലും നോര്‍മല്‍ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക