മുഖ്യമന്ത്രിക്ക് നിറങ്ങൾ അലർജിയായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു. കഴിഞ്ഞ മാസം കറുപ്പ് നിറം കണ്ടാൽ അറസ്റ്റ് നടത്തിയ മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം വെളുത്ത നിറത്തെയാണ് അദ്ദേഹം പേടിക്കുന്നത്. ഇനി അടുത്ത മാസം ഏത് നിറമാണ് പേടിക്കുകയെന്ന് പറയാനാവില്ലെന്നും അതറിഞ്ഞാൽ ജനങ്ങൾക്ക് അതിനനുസരിച്ച് വസ്ത്രങ്ങളും സാധനങ്ങളും വാങ്ങാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്തവരും തള്ളികളഞ്ഞവരും നമ്മോട് സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ ആവശ്യപ്പെടുന്ന വിരോധാഭാസമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായിരുന്ന എൻ.പി മോഹനന്റെ ഒന്നാം ചരമവാർഷിക സമ്മേളനം കല്ലി ക്കണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹമോഹനം സുവനീർ അദ്ദേഹം ചടങ്ങിൽ പ്രകാശനം ചെയ്തു. മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള എൻ പി.മോഹനൻ പ്രഥമ സ്മൃതി പുരസ്കാരം ഡി.സി.സി.ജനറൽസെ ക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയർമാനുമായകെ.പി സാജുവിന് അദ്ദേഹം സമ്മാനിച്ചു.
എ.ഐ.സി.സി.അംഗംബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് വി.വിപിൻ അധ്യക്ഷത വഹിച്ചു. പി.കൃഷ്ണൻ, കെ.കെ ദിനേശൻ ,വി സുരേന്ദ്രൻ മാസ്റ്റർ, കെ.പി സാജു, സന്തോഷ് കണ്ണം വെള്ളി, കെ.പി ഹാഷിം, കെ.പി അമ്മദ് ,വി.പി കുമാരൻ എം.കെ രാജൻ എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക