മോട്ടറോളയുടെ ഏറ്റവും പുതിയ മടക്കാവുന്ന സ്മാർട് ഫോൺ മോട്ടോ റേസർ 2022 ചൈനയിൽ അവതരിപ്പിച്ചു.
മുൻനിര സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ, 144Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഒഎൽഇഡി മെയിൻ ഡിസ്പ്ലേ, പിന്നിൽ മറ്റൊരു ചെറിയ ഡിസ്പ്ലേ, 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
മോട്ടോ റേസർ 2022 ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 5,999 യുവാൻ (ഏകദേശം 70,750 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 6,499 യുവാനുമാണ് (ഏകദേശം 76,650 രൂപ) വില.
കൂടാതെ 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 7,299 യുവാനും (ഏകദേശം 86,000 രൂപ) ആണ് വില. വെബ്സൈറ്റിൽ ബ്ലാക്ക് കളർ ഓപ്ഷനിൽ പ്രീ-ബുക്കിങ്ങിനായി മോട്ടറോള ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മോട്ടോ റേസർ 2022 ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MyUI 4.0 ലാണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് മടക്കാവുന്ന ഹോൾ-പഞ്ച് ഫീച്ചറുള്ള ഒഎൽഇഡി ആണ് മെയിൻ ഡിസ്പ്ലേ. 144Hz റിഫ്രഷ് റേറ്റ്, 10-ബിറ്റ് നിറങ്ങൾക്കുള്ള പിന്തുണ, HDR10+, ഡിസി ഡിമ്മിങ് എന്നിവയുമായാണ് ഡിസ്പ്ലേ വരുന്നത്.
അറിയിപ്പുകൾ ആക്സസ് ചെയ്യാനും കാലാവസ്ഥ പരിശോധിക്കാനും മറ്റും ഉപയോഗിക്കാവുന്ന 2.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ ഫോണിന്റെ പുറം ഭാഗത്തുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ ആണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്. ഇത് 12 ജിബി റാമുമായി ജോടിയാക്കിയിരിക്കുന്നു.
മോട്ടോ റേസർ 2022ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ.
121 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സലിന്റേതാണ് രണ്ടാം ക്യാമറ. ഇരട്ട ക്യാമറയ്ക്ക് മാക്രോ ഫോട്ടോകൾ എടുക്കാനും കഴിയും. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ മുൻ ക്യാമറയുണ്ട്.
മോട്ടോ റേസർ 2022 ഹാൻഡ്സെറ്റ് 512 ജിബി വരെയുള്ള സ്റ്റോറേജുമായാണ് വരുന്നത്. 5ജി (19 5ജി ബാൻഡുകൾ), 4ജി, വൈഫൈ 6ഇ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 3,500 എംഎഎച്ച് ആണ് ബാറ്ററി.
പ്രതികരിക്കാൻ ഇവിടെ എഴുതുക