കണ്ണൂർ: നൃത്തനൃത്യങ്ങൾക്ക് അരങ്ങ് വെക്കാൻ നാട്യസൗന്ദര്യം അത്യാവശ്യമാണെന്നും യൗവനമാണ് ഉത്തമമെന്നും പറയുന്ന പടുവാക്കുകളെ വെല്ലുവിളിക്കുകയാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കൂവോടെ അമ്മൂമ്മമാരുടെ സംഘം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കൂവോട് ഗ്രാമീണ കലാസമിതിയുടെ ഓണാഘോഷ പരിപാടിയിൽ നൃത്തമവതരിപ്പിക്കാനാണ് അറുപത് മുതൽ എഴുപത്തി അഞ്ച് വയസുവരെയുള്ള സംഘം എത്തിയത്. കോൽക്കളിയും മാർഗംകളിയും എന്തിന് സിനിമാറ്റിക്ക് ഡാൻസിൽ വരെ മിന്നും പ്രകടനമാണ് ഈ 8 അംഗ സംഘം കാഴ്ച്ച വച്ചത് എന്ന് നാട്ടുകാർ പറയുന്നു.
ബല്യത്തിൽ ഇന്നത്തെ കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളോ പ്രോത്സാഹനമോ യാതൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ലയെന്നും വളരെ ചെറുപ്പത്തിൽ തന്നെ ജീവിത പ്രാരാബ്ദങ്ങൾ ചുമലിലേറ്റിയവരാണിവരെന്നും ചുവടുകളും മുദ്രകളും വഴങ്ങാൻ അൽപം ബുദ്ധിമുട്ടിയെങ്കിലും ഒരാഴ്ച്ചത്തെ പരിശീലനം കൊണ്ടു തന്നെ വേദിയിൽ അവതരിപ്പിക്കാനുള്ള ശേഷി നേടിയെന്ന് പരിശീലക പ്രവീണ മോഹനൻ പറഞ്ഞു.
വർദ്ധക്യത്തിൽ വൃദ്ധസദനങ്ങളിലേക്ക് തള്ളുന്ന ഇന്നത്തെ തലമുറ ഇവരുടെ കഴിവുകൾ മാനിക്കണമെന്നും പ്രവീണ മോഹനൻ കൂട്ടിച്ചേർത്തു.
എഴുപത്തി അഞ്ച് വയസുള്ള വി. കല്ല്യാണി നേതൃത്വം നൽകുന്ന സംഘത്തിൽ വി.കാർത്ത്യായനി, എം.കമല, സി.യശോദ, എ.മാധവി, ഐ.വി വനജ, ശ്യാമള കൂവോടൻ, സി.ബിന്ദു എന്നിവരാണ് അംഗങ്ങൾ.
നാട്ടിലെയും പുറത്തുമുള്ള ഫെസ്റ്റിലും മറ്റ് പരിപാടികളിലും നൃത്തമവതരിപ്പിക്കാൻ അവസരങ്ങൾ തേടിയെത്തിത്തുടങ്ങിയെന്നും മക്കളും പേരമക്കളും നാട്ടുകാരും നല്ല രീതിയിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും പറ്റാവുന്ന വേദികളിലൊക്കെ നൃത്തം അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും സംഘത്തിലെ മുതിർന്ന അംഗമായ വി.കല്യാണി പറഞ്ഞു.