കോഴിക്കോട് : ഋഷബ് ഷെട്ടിയുടെ കാന്താരയിലെ വരാഹരൂപം എന്ന ഗാനം ചിത്രത്തില്‍ ഉപയോഗിക്കാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് കോടതി. ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച് മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് നല്കിയ ഹര്‍ജി തള്ളിയാണ് കോഴിക്കോട് ജില്ല കോടതി അനുമതി നല്‍കിയത്. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. വരാഹ രൂപം ഗാനം രചിച്ച ശശിരാജ് കാവൂരാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.
വരാഹരൂപം ഇല്ലാതെയാണ് കഴിഞ്ഞ ദിവസം കാന്താര ഒടിടിയില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്ത് വന്നിരുന്നു.
ഇരു വിഭാഗത്തിന്റെയും വാദം കേട്ട കീഴ്ക്കോടതി തൈക്കുടം നല്കിയ ഹര്‍ജി തള്ളി. തുടര്‍ന്ന് വരാഹരൂപത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. ഇവിടെ നീതി വിജയിച്ചു എന്ന് ശശിരാജ് കാവൂർ ഫേസ്ബുക്കില്‍ കുറിച്ചത്.
നിലവില്‍ ഈ വിധി അണിയറ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാണെങ്കിലും ഗാനം ഉടനെ ചിത്രത്തില്‍ ഉപയോഗിക്കാന്‍ ആകില്ല. വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് തുടരുന്നതിനാലാണ് ഗാനം ഉപയോഗിക്കാന്‍ സാധിക്കാത്തത്.കഴിഞ്ഞ മാസമാണ് തൈക്കുടം ബ്രിഡ്ജ് സിനിമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ നവരസ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാന്‍ഡിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക