സാമ്പത്തികമായും ശാരീരികമായും മാനസികമായും വിഷമതകൾ അനുഭവിക്കുന്ന പാവപ്പെട്ട ജനതയുടെ കണ്ണീരൊപ്പാനും അവർക്ക് സാന്ത്വനമേകാനും ആശ്രയയും സി എച്ച് സെന്ററും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ.
തിരുവനന്തപുരം RCC യോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സി എച്ച് സെന്റർ സന്ദർശിച്ചതിനു ശേഷം സ്പീക്കർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ .
‘ തിരുവനന്തപുരം RCC ഇൽ ചികിത്സക്കായെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തുണയായും തണലായും നിലകൊള്ളുന്ന സ്ഥാപനമാണ് മെഡിക്കൽ കോളേജിന് അടുത്തായി പ്രവർത്തിച്ചു വരുന്ന CH സെന്റർ. കാരുണ്യത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനം ഇന്ന് സന്ദർശിക്കുകയുണ്ടായി.
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയമായി പ്രവർത്തിച്ചു വരുന്ന “ആശ്രയ”യുടെ ഭാരവാഹി എന്ന നിലയിൽ ഇത്തരമൊരു സ്ഥാപനം എത്രത്തോളം മഹത്തായ ജീവകാരുണ്യ പ്രവർത്തനമാണ് നിർവഹിക്കുന്നത് എന്നത് അനുഭവം കൊണ്ട് പരിചിതനാണ്.
സാമ്പത്തികമായും ശാരീരികമായും മാനസികമായും വിഷമതകൾ അനുഭവിക്കുന്ന പാവപ്പെട്ട ജനതയുടെ കണ്ണീരൊപ്പാനും അവർക്ക് സാന്ത്വനമേകാനും ആശ്രയയും CH സെന്ററും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സാധിക്കുന്നുണ്ട്.
പലപ്പോഴായി ആശ്രയയിലെത്തുമ്പോൾ അന്തേവാസികളുമായി സംസാരിക്കാറുണ്ട്.
നിറപുഞ്ചിരിയോടെ അർബുദം എന്ന രോഗത്തെ നേരിടുന്ന ഒരുപാട് മുഖങ്ങൾ എനിക്ക് ഓർത്തെടുക്കാനാകും. അർബുദത്തെ ചെറുത്ത് തോൽപിച്ച നിരവധിപേരെയും നേരിട്ടറിയാം.
ഇന്ന് ഇവിടം സന്ദർശിച്ചപ്പോഴും അങ്ങനെ ഒരുപാട് മുഖങ്ങൾ കണ്ടു. നിറഞ്ഞ പുഞ്ചിരിയോടെ തന്നെ അവരെന്നെ സ്വീകരിച്ചു. ഇവരോട് സംസാരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഊർജ്ജവും മനക്കരുത്തും നമ്മളിലേക്കും പകർന്നുകിട്ടും.
വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിന്റെ വലിയ ഉയരങ്ങളിലേക്ക് ഇവരേവരും പറന്നുയരട്ടെ. ആശ്രയയും CH സെന്ററും പോലുള്ള സാന്ത്വനകേന്ദ്രങ്ങൾ അവർക്ക് കരുത്താവട്ടെ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക