ന്യൂഡൽഹി: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ്. മികച്ച വരുമാനവും നികുതി ലാഭവും മൂലം പിപിഎഫിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ 7.1 ശതമാനം പലിശയാണ് സർക്കാർ നൽകുന്നത്.
പോസ്റ്റ് ഓഫീസിലോ ഏതെങ്കിലും ബാങ്ക് ശാഖയിലോ പിപിഎഫ് അക്കൗണ്ട് തുടങ്ങാം. പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാം. ഇതാണ് ഇഇഇ വിഭാഗത്തിന്റെ പദ്ധതി. അതായത് എല്ലാ വർഷവും നിക്ഷേപിക്കുന്ന തുകയും, ഈ തുകയ്ക്ക് എല്ലാ വർഷവും ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമാണ്.
പിപിഎഫിന്റെ ലോക്ക്-ഇൻ കാലയളവ് 15 വർഷമാണ്. പണം ആവശ്യമാണെങ്കിൽ, 15 വർഷത്തിനുമുമ്പ് പിപിഎഫ് അക്കൗണ്ടിൽ നിന്ന് കുറച്ച് തുക പിൻവലിക്കാം.
നിങ്ങൾക്ക് 15 വർഷത്തിന് മുമ്പ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ അല്ലെങ്കിൽ അത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭാഗിക പിൻവലിക്കലിനായി നിങ്ങൾ ചില നിബന്ധനകൾ പാലിക്കണം. 15 വർഷത്തിനു ശേഷം അക്കൗണ്ടിൽ നിക്ഷേപിച്ച മുഴുവൻ തുകയും പിൻവലിക്കാം
എന്താണ് ഭാഗിക പിൻവലിക്കൽ നിയമം
മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച് പിപിഎഫ് അക്കൗണ്ട് ഉടമകൾക്ക് ഏഴാം വർഷത്തിൽ പിപിഎഫ് അക്കൗണ്ടിൽ നിന്ന് തുകയുടെ 50% പിൻവലിക്കാം. ഒരാൾക്ക് 2020-2021 സാമ്പത്തിക വർഷത്തിൽ നിക്ഷേപം ആരംഭിക്കണമെങ്കിൽ അടിയന്തര സാഹചര്യത്തിൽ 2025-2026 ന് ശേഷം മാത്രമേ അയാൾക്ക് പണം പിൻവലിക്കാനാകൂ.
സമയത്തിന് മുമ്പ് പണം പിൻവലിച്ചാലും നികുതി അടക്കേണ്ടതില്ല. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ 7 വർഷത്തെ ഈ നിബന്ധന അക്കൗണ്ട് ഉടമയുടെ നോമിനിക്ക് ബാധകമല്ല. നോമിനിക്ക് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം.
അക്കൗണ്ട് നേരത്തെ ക്ലോസ് ചെയ്യാം
ചില സാഹചര്യങ്ങളിൽ 15 വർഷത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഒരാൾക്ക് തന്റെ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാം. പിപിഎഫ് പിൻവലിക്കൽ ചട്ടങ്ങൾ 2021 അനുസരിച്ച്, അക്കൗണ്ട് ഉടമയ്ക്കോ ആശ്രിതർക്കോ മാരകമായ അസുഖമുണ്ടെങ്കിൽ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസത്തിന് പണം ആവശ്യമാണെങ്കിൽ പിപിഎഫ് അക്കൗണ്ട് അകാലത്തിൽ ക്ലോസ് ചെയ്യാവുന്നതാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അടച്ചാൽ, തുറന്ന തീയതി മുതൽ ക്ലോഷർ തീയതി വരെ 1% പലിശ കുറയ്ക്കും.
എങ്ങനെ പണം പിൻവലിക്കാം
പിപിഎഫ് അക്കൗണ്ടിൽ നിന്ന് സമയത്തിന് മുമ്പ് പണം പിൻവലിക്കാൻ ഫോം സി സമർപ്പിക്കണം. ഈ ഫോം പോസ്റ്റ് ഓഫീസിലും ബാങ്കിലും ലഭ്യമാണ്.
ഫോമിൽ നിങ്ങൾ അക്കൗണ്ട് നമ്പറും പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുകയും പൂരിപ്പിക്കണം. പാസ്ബുക്കിനൊപ്പം ഫോറവും സമർപ്പിക്കണം. തുക നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും, അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി നിങ്ങൾക്ക് അത് എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക