മലയാള സിനിമയ്ക്ക് ഒട്ടേറെ വാണിജ്യ വിജയങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം. എലോണ്‍ എന്ന ചിത്രത്തിന്റെ യുഎസ്പി അതാണ്. ജനുവരി 26 ന് ആണ് ചിത്രത്തിന്റെ റിലീസ്. തിയറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തിന്റെ ഒരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്ലൈ എഫക്റ്റ് ഉദാഹരിക്കുന്നുണ്ട് ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം.
മുന്‍പെത്തിയ ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തിയിരുന്നു. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം ആ ടീസറില്‍ മറുപടി പറഞ്ഞത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക