ചില സാങ്കേതിക തകരാറുകള്‍ മൂലം ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യയിൽ വിവിധ മോഡലുകളുടെ ഏകദേശം 1,400 യൂണിറ്റുകൾ തിരിച്ചു വിളിച്ചതായി റിപ്പോർട്ട്.
തിരിച്ചുവിളിച്ച യൂണിറ്റുകളിൽ ഗ്ലാൻസ ഹാച്ച്ബാക്ക്, അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി എന്നിവ ഉൾപ്പെടുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഈ മോഡലുകളുടെ എയർബാഗ് കൺട്രോളറിൽ തകരാറുകളുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ മോഡലുകൾ കഴിഞ്ഞ വർഷം ഡിസംബർ 8 നും ഈ ജനുവരി 12 നും ഇടയിലാണ് നിർമ്മിച്ചത്. തകരാർ പരിഹരിക്കുന്നതിന് മുമ്പ് ഈ കാറുകളുടെ ഉടമകൾ ജാഗ്രത പാലിക്കാനും ഉപയോഗം കുറയ്ക്കാനും കാർ നിർമ്മാതാവ് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം എയർബാഗ് കൺട്രോളറിലെ തകരാർ ഉടൻ പരിഹരിക്കുമെന്ന് ടൊയോട്ട മോട്ടോർ ഉറപ്പുനൽകി.
ഗ്ലാൻസയിലും അർബൻ ക്രൂയിസർ ഹൈറൈഡറിലും തകരാറുള്ള എയർബാഗ് കൺട്രോളർ മാറ്റിസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. ഈ യൂണിറ്റുകളുടെ ഉടമകൾക്ക് അതത് ഡീലർഷിപ്പുകളുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവിടെ ഉടമയ്ക്ക് തികച്ചും സൗജന്യമായി തകരാറുകൾ പരിഹരിച്ച് നല്‍കും എന്നാണ് വിവരം.