ഹൈദരാബാദ്: ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ.
കോവിഡ് സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ തുടർച്ചയായി മൂന്നാം വർഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയാറാകാത്തത്.
അതേസമയം, രാജ്ഭവനില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദേശീയ പതാക ഉയർത്തി. ചീഫ് സെക്രട്ടറി എ.ശാന്തികുമാരി, ഡിജിപി അഞ്ജനി കുമാർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.
അഭിഭാഷകനായ കെ.ശ്രീനിവാസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, ജസ്റ്റിസ് പി.മാധവി ദേവി അധ്യക്ഷയായ തെലങ്കാന ഹൈക്കോടതി സിംഗിൾ ബെഞ്ച് കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്തണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു.