ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡില്‍ റെക്കോര്‍ഡ് മഴ. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചതായും ഒരാളെ കാണാതായതായും അധികൃതര്‍ അറിയിച്ചു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് സൈനിക വിമാനത്തില്‍ ഓക്ലന്‍ഡിലേക്ക് തിരിച്ചു.
ഓക്ക്ലാന്‍ഡുകാര്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിലുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഹിപ്കിന്‍സ് പറഞ്ഞു. കൂടുതല്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തൊന്നും ഇത്രയും കനത്ത മഴ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി പറയുന്നു.
കാലാവസ്ഥാ ഏജന്‍സികള്‍ അനുസരിച്ച് ഓക്ക്ലന്‍ഡില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ദിവസമായിരുന്നു വെള്ളിയാഴ്ച.
വെള്ളിയാഴ്ച വൈകുന്നേരം ചിലയിടങ്ങളില്‍ വെറും മൂന്ന് മണിക്കൂറിനുള്ളില്‍ 15 സെന്റീമീറ്ററിലധികം (6 ഇഞ്ച്) മഴ പെയ്തു. മഴയില്‍ ഹൈവേകള്‍ അടഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. ഓക്ലന്‍ഡ് എയര്‍പോര്‍ട്ടില്‍ ഒറ്റരാത്രികൊണ്ട് നൂറുകണക്കിനാളുകള്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.