കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിന്റെ ബ്രേക്ക് നഷ്ടമായെങ്കിലും, മനോധൈര്യത്താൽ ബസ് നിയന്ത്രിച്ച് ഡ്രൈവർ സി.ഫിറോസ് രക്ഷിച്ചത് 36 ജീവൻ. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന എ.ടി.സി 255 ഡീലക്സ് ബസിന്റെ നിയന്ത്രണമാണ് നഷ്ടമായത്.
റിപ്പബ്ലിക് ദിനത്തിൽ രാത്രി 9.30ന് ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസിൽ കണ്ടക്ടർ വിപിൻ, ഡ്രൈവർ ഫിറോസ് എന്നിവരുൾപ്പെടെ 38 പേരുണ്ടായിരുന്നു. വയനാടും, ലക്കിടി കവാടവും കടന്ന് വെള്ളിയാഴ്ച 5:40 ഓടെ ചുരത്തിലേക്ക് കടന്ന ബസ് വ്യൂ പോയിന്റിന് അടുത്തെത്തിയപ്പോൾ, എയർ സിസ്റ്റത്തിലെ തകരാർ മൂലമാണ് ബ്രേക്ക് നഷ്ടമായത്.
പാതയുടെ ഒരു വശത്ത് കൂറ്റൻ പാറയും, മറുവശത്ത് അഗാധമായ കൊക്കയുമായിരുന്നതിനാൽ അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ ബസ് നിയന്ത്രിച്ച് ഒരു ഭാഗത്ത് ഒതുക്കി നിർത്തി. ഉറക്കത്തിലായിരുന്ന യാത്രക്കാർ സംഭവം അറിഞ്ഞിരുന്നില്ല. ഇവരെ പിന്നീട് പിന്നാലെയെത്തിയ സൂപ്പർഫാസ്റ്റ് ബസിൽ കയറ്റിവിട്ടു. സമയോചിതമായി പ്രവർത്തിച്ച് ജീവൻ രക്ഷിച്ച ഡ്രൈവർക്ക് നന്ദി പറഞ്ഞാണ് അവർ മടങ്ങിയത്. കെ.എസ്.ആർ.ടി.സി ബസ് കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജിൽ കണ്ടക്ടർ വിപിൻ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം മറ്റുള്ളവർ അറിഞ്ഞത്.