Home INTERNATIONAL 2025നുള്ളിൽ അമേരിക്ക ചൈനയുമായി യുദ്ധം ചെയ്‌തേക്കും; സൈനികർക്ക് യുഎസ് ജനറലിൻ്റെ കത്ത്

2025നുള്ളിൽ അമേരിക്ക ചൈനയുമായി യുദ്ധം ചെയ്‌തേക്കും; സൈനികർക്ക് യുഎസ് ജനറലിൻ്റെ കത്ത്

വാഷിങ്ടണ്‍: 2025നുള്ളിൽ ചൈനയുമായി അമേരിക്ക യുദ്ധം ചെയ്തേക്കുമെന്ന മുന്നറിയിപ്പുമായി യു എസ് വ്യോമസേന ജനറൽ മൈക്കിള്‍ മിനിഹാൻ. യുഎസ് വ്യോമസേനയുടെ എയർ മൊബിലിറ്റി കമാൻഡ് മേധാവി കൂടിയായ മൈക്കിള്‍ മിനിഹാൻ സൈനിക ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചൈന തായ്‌വാന്‍ കടന്നുകയറ്റം ശക്തി പ്രാപിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്.

2025 ൽ ചൈനയുമായി ഒരു യുദ്ധമുണ്ടാകുമെന്ന് താൻ കരുതുന്നുവെന്നും അതിനു തയ്യാറാകണമെന്നും വ്യോമസേനാ ജനറൽ സൈനികർക്ക് അയച്ച കത്തിൽ പറയുന്നു. ചൈനയുടെ നീക്കങ്ങൾ തടയുകയും ആവശ്യമെങ്കിൽ അവരെ പരാജയപ്പെടുത്തുകയുമാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും കത്തിൽ പറയുന്നു. യുദ്ധ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ജനറലിന്‍റെ കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ വ്യോമസേനാ ജനറലിന്‍റെ പ്രതികരണം അമേരിക്കയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2024ലാണ് തായ്‌വാനിലും അമേരിക്കയിലും പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സമയത്ത് തായ്‌വാനെ ആക്രമിക്കാനുള്ള സൈനിക നടപടികൾ ചൈന ശക്തമാക്കുമെന്ന് മിനിഹാൻ കത്തിൽ പറയുന്നു. തായ്‌വാൻ കടലിടുക്കിനു സമീപം ചൈന സൈനിക നടപടികൾ ശക്തിപ്പെടുത്തിയത് തായ്‌വാനിലേക്കുള്ള കടന്നുകയറ്റത്തിന്‍റെ സൂചനയാണെന്ന് സംശയിക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നേരത്തെ പറഞ്ഞിരുന്നു. ചൈനയ്ക്കെതിരായ നീക്കം യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് യു എസ് വ്യോമസേന ജനറലിന്‍റെ കത്ത് ഇതിനു പിന്നാലെയാണ് പുറത്തുവരുന്നത്.

Also Read :   ഇടുക്കി പെരിയകനാലിൽ കാട്ടാന ജീപ്പ് നശിപ്പിച്ചു; അരികൊമ്പൻ എന്ന് സംശയം