ദുബായ്: വെള്ളിയാഴ്ച രാവിലെ ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലേക്കു പറന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ 13 മണിക്കൂര്‍ ആകാശയാത്രയ്ക്കു ശേഷം തിരിച്ചിറങ്ങിയത് ദുബായ് വിമാനത്താവളത്തില്‍ തന്നെ. ഇകെ448 വിമാനം വെള്ളിയാഴ്ച രാവിലെ 10.30നാണ് ദുബായില്‍നിന്ന് പറന്നുയര്‍ന്നത്.
9,000 മൈല്‍ യാത്രയുടെ പകുതിക്ക് വച്ച് പൈലറ്റ് വിമാനം യു ടേണ്‍ എടുക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിയോടെ വിമാനം ദുബായില്‍ തന്നെ തിരിച്ചിറക്കി.
വിമാനം ഇറങ്ങേണ്ടിയിരുന്ന ഓക്ലാന്‍ഡ് വിമാനത്താവളത്തില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിട്ടത്.
രാജ്യാന്തര ടെര്‍മിനലില്‍ വെള്ളം കയറിയതോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നുവെന്ന് ഓക്ലാന്‍ഡ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അസൗകര്യം ഉണ്ടാകുമെന്ന് അറിയാമെങ്കിലും യാത്രക്കാരുടെ സുരക്ഷയ്ക്കാണു പ്രാമുഖ്യമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക