കോഴിക്കോട്: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ ആളുകളെ എത്തിച്ചത് സ്കൂൾ ബസിലെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിന്റെ ബസിലാണ് ജാഥയിലേക്കുള്ള ആളുകളെ എത്തിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി.ഡി.ഇക്ക് പരാതി നൽകി.
അതേസമയം കണ്ണൂരിൽ എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം പഞ്ചായത്ത് അംഗം ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. തളിപ്പറമ്പിലെ ജാഥയിൽ പങ്കെടുക്കാത്തവർക്ക് പിന്നീട് തൊഴിലുറപ്പ് ജോലി നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി.
കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം എ പി സുജിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഭീഷണി സന്ദേശം അയച്ചത്. ജാഥയ്ക്ക് വരാൻ അസൗകര്യമുള്ളവർ തന്നെ വിളിക്കണമെന്നും അവർക്ക് നേരിട്ട് മറുപടി നൽകുമെന്നും സുജിത്ര വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തി ജാഥയ്ക്ക് ആളുകളെ കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് എം.വി ഗോവിന്ദൻ സുജിത്രയുടെ ആഹ്വാനം തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക