Home AUTOMOBILE അംബാനി കുടുംബത്തിലെ പുതിയ താരമായി ബെന്റ്‌ലി ബെന്റെയ്ഗ എസ്.യു.വി; വാഹനത്തിന്റെ പ്രത്യേകതകൾ അറിയാം

അംബാനി കുടുംബത്തിലെ പുതിയ താരമായി ബെന്റ്‌ലി ബെന്റെയ്ഗ എസ്.യു.വി; വാഹനത്തിന്റെ പ്രത്യേകതകൾ അറിയാം

ബെന്റ്‌ലി ബെന്റെയ്ഗ എസ്.യു.വി ആണ് ഇപ്പോൾ അംബാനി കുടുംബത്തിലെ താരം. നാലാമത്തെ ബെന്റ്‌ലി ബെന്റെയ്ഗ എസ്.യു.വി ഗാരജിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോൾ അംബാനി കുടുംബം. ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്‌ലി ‌ബെന്റെയ്ഗയുടെ വി 8 മോഡലാണ് അംബാനി കുടുംബത്തിൽ എത്തിയിരിക്കുന്നത്. ഏകദേശം 4.5 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോ‍ഡ് വില.

2019 ലാണ് അംബാനി ആദ്യ ബെന്റെയ്ഗ വാങ്ങുന്നത്. ബെന്റെയ്ഗയുടെ ഹൈ പെർഫോമൻസ് മോഡലായ ബെന്റെയ്ഗ സ്പീഡ് ആയിരുന്നു ഇത്. ആറു ലീറ്റർ ഡബ്ല്യു 12 എൻജിനാണ് ഈ മോഡലിന് കരുത്തു പകരുന്നത്.

ബെന്റ്‌ലിയുടെ ആദ്യ എസ്‍‌.യു.വിയാണ് ബെന്റെയ്ഗ. വ്യത്യസ്ഥ എൻജിൻ വകഭേദങ്ങളിൽ ബെന്റെയ്ഗ വിപണിയിലുണ്ട്. ഇരട്ട ടർബോ ചാർജ്ഡ്, ആറു ലീറ്റർ, ഡബ്ല്യു 12 എൻജിനുള്ള ബെന്റെയ്‌ഗ നിശ്ചലാവസ്ഥയിൽ നിന്നു 4.1 സെക്കൻഡിലാണ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക. 608 പി എസ് കരുത്തും 900 എൻ എം ടോർക്കുമാണ് ഇതിനുള്ളത്. 550 പി എസ് വരെ കരുത്തും 770 എൻ.എം ടോർക്കും സൃഷ്ടിക്കുന്ന വി 8 എൻജിനാവട്ടെ 4.5 സെക്കൻഡിൽ ഈ വേഗം കൈവരിക്കും.

ബെന്റെയ്‌ഗ സ്പീഡിൽ 635 പി.എസ് വരെ കരുത്തു സൃഷ്ടിക്കുന്ന ഡബ്ല്യു 12 എൻജിനാണ് ഉപയോഗിക്കുന്നത്. 3.9 സെക്കൻഡിലാണ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുക. വൈദ്യുത മോട്ടോറിനൊപ്പം മൂന്നു ലീറ്റർ, ടർബോ ചാർജ്ഡ് വി സിക്സ് പെട്രോൾ എൻജിനാണ് ബെന്റെയ്‌ഗക്കു കരുത്തേകുന്നത്. പരമാവധി 127.80 പി എസ് വരെ കരുത്തും 400 എൻ.എം ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന വൈദ്യുത മോട്ടോറാണു ബെന്റെയ്‌ഗക്കുള്ളത്.

ആഡംബരത്തിൽ മാത്രമല്ല വേഗത്തിലും ബെന്റെയ്ഗ താരമാണ്. ലംബോർഗിനിയുടെ എസ്‌.യു.വി ഉറൂസിനെ തോൽപ്പിച്ചാണ് ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌.യു.വി എന്ന ഖ്യാതി ബെന്റ്ലി ബെന്റെയ്ഗ സ്വന്തമാക്കിയത്. ലംബോർഗിനി ഉറൂസിന്റെ ഉയർന്ന വേഗം 305 കിലോമീറ്ററാണ്. ബെന്റ്ലിയുടേത് 306 കിലോമീറ്ററും.

 

Also Read :   വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ സീറ്റ് വേണമെന്ന ആവശ്യവുമായി ബിഡിജെഎസ്